
കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സെക്ഷ്വൽ പ്രെഡേറ്ററാണെന്ന് കോൺഗ്രസ് വനിതാ നേതാവ് ഷമാ മുഹമ്മദ്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും അവർ ആവശ്യപ്പെട്ടു. പരാതി പോലും ഇല്ലാതിരുന്നിട്ടും പാർട്ടി രാഹുലിനെ സസ്പെൻഡ് ചെയ്യുകയും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തത് ശരിയായ നടപടിയായിരുന്നു. വിഷയത്തിൽ കെ.സി വേണുഗോപാലും വി.ഡി സതീശനും രമേശ് ചെന്നിത്തലയും സ്വീകരിച്ച നിലപാട് സ്വാഗതാർഹമായിരുന്നെന്നും ഷമ പറഞ്ഞു. ചോദ്യം ചെയ്യലിന് തയാറാണെന്ന് പറഞ്ഞ പരാതി വന്നപ്പോൾ ഒളിവിൽ പോയി. നട്ടെല്ലും നിലപാടുമുള്ള നേതാവാണെങ്കിൽ അറസ്റ്റ് ചെയ്യട്ടെ എന്ന് പറയുകയാണ് വേണ്ടിയിരുന്നതെന്നും രാഹുൽ വിഷയം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബാധിക്കില്ലെന്നും അവർ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും അവർ പറഞ്ഞു. ഈ വിഷയത്തിൽ സംസാരിക്കാൻ ബിജെപിക്ക് അർഹതയില്ല. ബിജെപി എംപിയായിരുന്ന ബ്രിജ്ഭൂഷൺ സിങ്ങിനെതിരെ ലോകമറിയുന്ന ഗുസ്തി താരങ്ങളുടെ പരാതിയും ജന്തർമന്ദറിൽ പ്രതിഷേധം നടന്നിട്ടും പ്രധാനമന്ത്രി ഒരുവാക്ക് മിണ്ടിയില്ല. ബിൽകീസ് ബാനുവിനെ ബലാത്സംഗം ചെയ്ത പ്രതികൾ ജയിൽ മോചിതരായപ്പോൾ അവരെ മാലയിട്ട് സ്വീകരിച്ച പാർട്ടിയാണ് ബിജെപിയെന്നും ഷമ പറഞ്ഞു.


