മുംബൈ: ഹിന്ദു മഹാസഭ നേതാവ് വിഡി സവർക്കറിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് സവർക്കറുടെ ചെറുമകൻ രംഗത്ത്. സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് കാണിക്കണമെന്നും രഞ്ജിത് സവര്‍ക്കര്‍ ആവശ്യപ്പെട്ടു.
‘എല്ലാ കള്ളൻമാർക്കും മോദി എന്ന് പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെടുകയും എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്തതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം സവർക്കറെ പരാമർശിച്ചത്. എന്റെ പേര് സവർക്കർ എന്നല്ല, എന്റെ പേര് ഗാന്ധി എന്നാണ്. രാഹുൽ ഗാന്ധി ആരോടും മാപ്പ് പറയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.
“ഇത്തരം പ്രസ്താവനകൾ ബാലിശമാണ്. താൻ സവർക്കർ അല്ലാത്തതിനാൽ മാപ്പ് പറയില്ലെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. സവർക്കറുടെ ക്ഷമാപണ രേഖകൾ കാണിക്കാൻ ഞാൻ രാഹുലിനെ വെല്ലുവിളിക്കുന്നു. ദേശസ്നേഹികളുടെ പേരിൽ രാഷ്ട്രീയം കളിക്കുന്നത് തെറ്റും സങ്കടകരവുമാണ്. ഇതിനെതിരെ നടപടിയെടുക്കണം,” അദ്ദേഹം പറഞ്ഞു.