ന്യൂ ഡൽഹി: മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായി ചുമതലയേറ്റതോടെ സംഘടനാ വിഷയങ്ങളില്‍ നിന്ന് വിട്ട് നിന്ന് രാഹുൽ ഗാന്ധി. രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുടെ യോഗത്തിനുള്ള ക്ഷണം രാഹുൽ ഗാന്ധി നിരസിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ചകളിൽ നിന്നും അദ്ദേഹം വിട്ടുനിന്നു. സംഘടനാ കാര്യങ്ങളില്‍ ചുമതല പ്രസിഡന്റിനാണെന്നാണ് രാഹുലിന്റെ നിലപാട്. മല്ലികാർജുൻ ഖാർഗെ പ്രസിഡന്റായെങ്കിലും പാർട്ടിയുടെ കടിഞ്ഞാൺ ഗാന്ധി കുടുംബത്തിലായിരിക്കുമെന്ന ആരോപണത്തെ പ്രതിരോധിക്കാനാണ് തന്റെ റോൾ ഖാർഗെ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. ഖാർഗെ ചുമതലയേറ്റതിന് ശേഷവും ചില നേതാക്കളുടെ പ്രതികരണങ്ങൾ സംഘടനാ പ്രശ്നങ്ങളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കാൻ രാഹുലിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
മോദിക്ക് എതിരാളി രാഹുൽ മാത്രമാണെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രസ്താവനയും രാഹുലാണ് നേതാവെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയും ഇതിനകം തന്നെ പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്. ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ്.സിംഗ് ദേവ് ഉയര്‍ത്തുന്ന വെല്ലുവിളി ബോധ്യപ്പെടുത്താന്‍ ഭൂപേഷ് ബാഗലേും സച്ചിന് പൈലറ്റുമായുള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ അശോക് ഗെഹ്ലോട്ടും രാഹുലിനോട് സമയം തേടിയിരുന്നു. പക്ഷേ ഖാർഗെയോട് സംസാരിക്കാനാണ് രാഹുല്‍ നിര്‍ദ്ദേശിച്ചത്.
ഗുജറാത്തിലെ സ്ഥാനാർത്ഥി നിർണയം ഖാർഗെ തീരുമാനിക്കട്ടെയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സോണിയയും രാഹുലും പ്രിയങ്കയും നേരത്തെ സംഘടനാ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്നു. രാഹുൽ പിന്നാക്കം മാറുന്നതിനാൽ സോണിയയും പ്രിയങ്കയും അകലം പാലിക്കാനാണ് സാധ്യത. സംഘടനാപരമായ പ്രശ്നങ്ങൾ ഖാർഗെ കൈകാര്യം ചെയ്യുകയും പാർട്ടിയുടെ മുഖവും പ്രചാരണ ചുമതലയും രാഹുലിന് കൈമാറുകയും ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ജെ പി നദ്ദ-മോദി മോഡൽ ക്രമീകരണം ഗുണം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും കോൺഗ്രസിനെ ഉപദേശിച്ചിരുന്നു.