ന്യൂഡൽഹി: പഞ്ചാബിൽ ഇന്ന് നടക്കുന്ന കർഷക പ്രക്ഷോഭത്തിലും ട്രാക്ടർ റാലിയിലും പൊതുസമ്മേളനത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. കേന്ദ്രസർക്കാർ കഴിഞ്ഞ മാസം പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന യാത്രയുടെ ഭാഗമായി കർഷകരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. നിഹാൽസിങ്ങിലും ജാഗ്രോണിലും റായിക്കോട്ടിലും നടക്കുന്ന ട്രാക്ടർ റാലികളിൽ രാഹുൽ ഗാന്ധി യാത്രയുടെ ആദ്യദിനത്തിൽ പങ്കെടുക്കുമെന്ന് പഞ്ചാബ് കോൺഗ്രസ് അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിങ്, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖർ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. രാവിലെ മോഗ ജില്ലയിലെ ബധ്നികലാനിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഒപ്പുശേഖരണ ക്യാംപയിന് രാഹുൽ ഗാന്ധി തുടക്കം കുറിക്കും. ഇവിടെ നിന്ന് ജാട്പുരയിലേക്ക് ട്രാക്ടർ റാലി. ലുധിയാനയിൽ മൂന്നുമണിക്ക് പൊതുസമ്മേളനത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.


