ബംഗളൂരു : ലഹരിക്കടത്ത് കേസില്‍ കന്നഡ ചലച്ചിത്ര നടി രാഗിണി ദ്വിവേദിയെ ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസുമായി ബന്ധപ്പെട്ട് രാഗിണിയുടെ ഫ്ളാറ്റില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷം നടിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് ഉദ്യോഗസ്ഥര്‍ രാഗിണിയുടെ ബംഗളൂരുവിലെ വീട്ടില്‍ എത്തി പരിശോധന നടത്തിയത്. കേസില്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് ് അന്വേഷണ സംഘം രാഗിണിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു നടിയുടെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്നാണ് അന്വേഷണ സംഘം വാറന്റുമായി പുലര്‍ച്ചെ ഫ്ളാറ്റില്‍ പരിശോധനയ്ക്കായി എത്തിയത്. രാഗിണിയുടെ ഉറ്റ സുഹൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ രവിശങ്കറിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഗിണിയും അറസ്റ്റിലാകുന്നത്. വരും ദിവസങ്ങളിലും കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.


