
മനാമ: നൂതന റേഡിയോ പ്രൊഡക്ഷന്‍, ബ്രോഡ്കാസ്റ്റിംഗ് സാങ്കേതികവിദ്യകള്‍ കണ്ടറിയാന്‍ ഒമാന്‍ റേഡിയോ എഞ്ചിനീയര്‍മാരുടെ പ്രതിനിധി സംഘം ബഹ്റൈന്‍ വാര്‍ത്താവിതരണ മന്ത്രാലയം സന്ദര്‍ശിച്ചു.
നാജി ബിന്‍ ഫ്രീഷ് അല്‍ റൈസി, ഖാലിദ് ബിന്‍ നാസര്‍ അല്‍ ഹസ്സനി, റാഷിദ് ബിന്‍ സലേം അല്‍ കല്‍ബാനി, ആസാദ് ബിന്‍ അഹമ്മദ് അല്‍ റൈസി എന്നിവരുള്‍പ്പെട്ട സംഘം ഡിജിറ്റല്‍ സ്റ്റുഡിയോകളില്‍ ഉപയോഗിക്കുന്ന അത്യാധുനിക സംവിധാനങ്ങള്‍ അവലോകനം ചെയ്തു.
ഒമാന്റെ പ്രക്ഷേപണ ശേഷിയും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള സഹകരണം ചര്‍ച്ച ചെയ്യാനും മന്ത്രാലയത്തില്‍ ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യയെക്കുറിച്ച് മനസ്സിലാക്കാനുമായിരുന്നു സന്ദര്‍ശനം.
സാങ്കേതിക കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്ല അഹമ്മദ് അല്‍ ബലൂഷിയും മറ്റ് ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തെ സ്വീകരിച്ചു. അത്യാധുനിക പ്രൊഡക്ഷന്‍, ബ്രോഡ്കാസ്റ്റിംഗ് സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് അവര്‍ വിശദീകരിച്ചു.
ഗള്‍ഫിലെ മാധ്യമ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും റേഡിയോ പ്രക്ഷേപണത്തിലും പ്രൊഡക്ഷനിലും ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം പ്രേക്ഷക പ്രതീക്ഷകള്‍ നിറവേറ്റുന്ന നൂതന സേവനങ്ങളുടെ വിതരണം ഉറപ്പാക്കാനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം.
