പ്രഭാസ്- പൂജാ ഹെഡ്ഗെ താരജോഡികളായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിൻ്റെ പുതിയ പോസ്റ്റർ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പുറത്തിറക്കി. പ്രഭാസിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചത്. മയിൽപീലിയോട് കൂടിയ നീല ഗൗൺ ധരിച്ച് നിൽക്കുന്ന സുന്ദരിയായ നായിക പൂജയെ നോക്കി നിൽക്കുന്ന പ്രഭാസിൻ്റെ ചിത്രമാണ് അണിയറ പ്രവർത്തകർ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാധേശ്യാമിൻ്റ പുതിയ പോസ്റ്റർ എത്തിയതോടെ ആരാധകരും ആവേശത്തിലായി. വരുന്ന ജനുവരി 14 ന് തിയറ്ററുകളിലെത്തുന്ന ചിത്രം രാധാകൃഷ്ണ കുമാറാണ് സംവിധാനം ചെയ്യുന്നത്.
സിനിമാ ആസ്വാദകർക്ക് മികച്ച നാടകാനുഭവം സമ്മാനിക്കുവാൻ കഠിന പ്രയത്നം ചെയ്തിട്ടുണ്ടെന്ന് സംവിധായകൻ രാധാകൃഷ്ണകുമാർ പറഞ്ഞു. ജന്മാഷ്ടമി ദിവസത്തിൽ ചിത്രത്തിന്റെ പോസ്റ്റർ അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹുഭാഷ പ്രണയചിത്രമായ രാധേശ്യാമിൻ്റെ കഥ നടക്കുന്നത് 1970 കളിലെ യൂറോപ്പിൻ്റെ പശ്ചാത്തലത്തിലാണ്. ഇറ്റലി, ജോർജിയ, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. യുവി ക്രിയേഷൻ്റെ ബാനറിൽ വംശിയും പ്രമോദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൽ സച്ചിന് ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകും.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന് ജസ്റ്റിന് പ്രഭാകരനാണ്.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്കര്‍,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.