
ന്യൂഡല്‍ഹി: ലോകത്ത് ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് റഡാര്‍ കണ്ണുകളെ കബളിപ്പിക്കാന്‍ കഴിയുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ സ്വന്തമായുള്ളത്. ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും നിലവിലെ റഡാറുകള്‍ക്ക് സാധിക്കില്ല. എന്നാല്‍ സ്റ്റെല്‍ത്ത് വിമാനങ്ങളെ കണ്ടെത്താന്‍ കഴിയുന്ന റഡാര്‍ വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഡിആര്‍ഡിഒയുടെ കീഴിലുള്ള ഇലക്ട്രാണിക്സ് ആന്‍ഡ് റഡാര്‍ ഡിവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ബെല്‍-BEL)സംയുക്തമായാണ് റഡാര്‍ വികസിപ്പിച്ചത്.
ബെലിന്റെ ഗാസിയാബാദിലെ കേന്ദ്രത്തിലാണ് റഡാര്‍ നിര്‍മിച്ചത്. ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങി. ഇന്ത്യയുടെ പ്രതിരോധ സാങ്കേതികവിദ്യയുടെ മികവ് വിളിച്ചോതുന്ന പുതിയ റഡാര്‍ സംവിധാനം ബെംഗളൂരുവിലെ എയ്റോ ഇന്ത്യ പ്രതിരോധപ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിക്കും. സാധാരണ റഡാറുകളെ അപേക്ഷിച്ച് ഹൈഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന റഡാറാണിത്..
വെരി ഹൈ ഫ്രീക്വന്‍സി റഡാര്‍ ( വി.എച്ച്.എഫ്) ആണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. വളരെ ദൂരെനിന്നുള്ള സ്റ്റെല്‍ത്ത് വിമാനങ്ങളെ ഇവയ്ക്ക് തിരിച്ചറിയാന്‍ സാധിക്കും. റഡാര്‍ ക്രോസ് സെക്ഷന്‍ വളരെ കുറവുള്ള സ്റ്റെല്‍ത്ത് വിമാനങ്ങളെ തിരിച്ചറിയാനും അവയെ ലക്ഷ്യമിടാന്‍ സാധിക്കുമെന്നാണ് ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ വ്യക്തമാക്കിയത്. റഡാറിന്റെ അവതരണ വേളയില്‍ ഇത് വ്യക്തമാക്കുന്ന ചെറിയ അവതരണവും സംഘം നടത്തിയിരുന്നു. ഇന്ത്യയുടെ വ്യോമപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന സാങ്കേതിക വിദ്യയാണിത്.
നിലവില്‍ വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമേ സ്റ്റെല്‍ത്ത് വിമാനങ്ങളെ കണ്ടെത്താനുള്ള റഡാര്‍ സാങ്കേതികവിദ്യയുള്ളു. ഹൈഫ്രീക്വന്‍സി റഡാറുകള്‍ക്ക് സ്റ്റെല്‍ത്ത് വിമാനങ്ങളെ കണ്ടെത്താന്‍ സാധിക്കുമെങ്കിലും അവയെ വ്യോമപ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് മിസൈല്‍ ലോക്ക് ചെയ്യാന്‍ സാധിക്കുന്ന സംവിധാനം ഭൂരിഭാഗം രാജ്യങ്ങള്‍ക്കുമില്ല. എന്നാല്‍ ഇന്ത്യയുടെ പുതിയ റഡാറിന് ഈ രണ്ട് ശേഷികളുമുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ അയല്‍രാജ്യമായ ചൈനയ്ക്ക് സ്വന്തമായി സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയുള്ള യുദ്ധവിമാനമുണ്ട്. ഇവ പാകിസ്താന് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പുതിയ റഡാര്‍ സംവിധാനം വളരെ നിര്‍ണായകമാണ്.
