ജിദ്ദ: ഫോർമുല വൺ ട്രാക്കിൽ മറ്റൊരു വൻ അപകടം കൂടി. സൗദി അറേബ്യൻ ഗ്രാൻ പ്രീ യോഗ്യതാ മത്സരത്തിനിടെ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ മകൻ മിക് ഷൂമാക്കറുടെ കാർ അപകടത്തിൽപെട്ടു. സർക്യൂട്ടിലെ കോൺക്രീറ്റ് ചുമരിൽ ഇടിച്ച് കാർ തകർന്നു തരിപ്പണമായി. താരം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
23കാരനായ മികിന്റെ കാർ ജിദ്ദ സർക്യൂട്ടിന്റെ 12ാം വളവിന് സമീപത്തെ കോൺക്രീറ്റ് ചുമരിൽ ഇടിച്ചു തകരുകയായിരുന്നു. ഇതോടെ മിക് ഷൂമാക്കർ സൗദി അറേബ്യൻ ഗ്രാൻ പ്രീക്ക് യോഗ്യത നേടാതെ പുറത്തായി.
അമേരിക്കൻ കമ്പനി ഹാസിന്റെ ഡ്രൈവറാണ് മിക്. 170 മൈൽ വേഗത്തിലായിരുന്നു മികിന്റെ കാർ പാഞ്ഞത്. കാർ മതിലിൽ ഇടിച്ചതിനു പിന്നാലെ റെഡ് ഫ്ളാഗ് ഉയർത്തി റേസ് നിർത്തിവെച്ചു. തുടർന്ന് മെഡിക്കൽ സംഘം മികിനെ ആകാശ മാർഗം ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് മത്സരം ഒരു മണിക്കൂർ തടസപ്പെട്ടു.
പിന്നീട് താൻ സുഖമായിരിക്കുന്നുവെന്ന് വ്യക്തമാക്കി മിക് ട്വീറ്റ് ചെയ്തു. താരം ആശുപത്രി വിട്ട് താമസസ്ഥലത്ത് എത്തിയതായി ഹാസ് വ്യക്തമാക്കി.
