
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും മുന്‍ ഡി.ജി.പിയുമായ ആര്. ശ്രീലേഖ ബി.ജെ.പിയിൽ ചേർന്നു. ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വരവിലാസത്തിലുള്ള വീട്ടിൽവെച്ച് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനില്‍നിന്ന് അവർ പാർട്ടി അംഗത്വം സ്വീകരിച്ചു.
ശ്രീലേഖയെ ഷാളണിയിച്ച ശേഷം സുരേന്ദ്രന് ബൊക്കെയും താമരപ്പൂവും നല്കി. തുടര്‍ന്ന് മധുരപലഹാരം വിതരണം ചെയ്തു.
പോലീസില്‍ ഏറെ പരിഷ്കാരങ്ങൾക്ക് നേതൃത്വം നല്കിയ ധീരവനിതയാണ് ശ്രീലേഖയെന്ന് സുരേന്ദ്രന് പറഞ്ഞു. പോലീസില്‍ സ്ത്രീകളുടെ ശാക്തീകരണത്തിനു വേണ്ടി വിപ്ലവകരമായ പല തീരുമാനങ്ങളും അവര്‍ എടുത്തു. മാത്രമല്ല അറിയപ്പെടുന്ന സാഹിത്യകാരി കൂടിയാണവർ. നവരാത്രികാലത്ത് ഒരു ധീരവനിതയ്ക്ക് അംഗത്വം കൊടുക്കാന്‍ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാഴ്ചത്തെ ആലോചനയ്ക്കു ശേഷമാണ് ബി.ജെ.പിയിൽ ചേരുന്നതെന്ന് ശ്രീലേഖ പറഞ്ഞു. മൂന്നാഴ്ച മുമ്പാണ് ഇങ്ങനെയൊരു നിർേദശം വന്നത്. നരേന്ദ്രമോദി പ്രഭാവമാണ് ബി.ജെ.പിയിലേക്കെത്തിച്ചത്. മുപ്പത്തിമൂന്നര വര്‍ഷം നിഷ്പക്ഷയായ പോലീസ് ഉദ്യോഗസ്ഥയായിരുന്നു. വിരമിച്ച ശേഷം കാര്യങ്ങളെ മാറിനിന്നു കാണാന്‍ തുടങ്ങിയപ്പോൾ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇതാണ് നല്ല വഴിയെന്നു തോന്നി. സമൂഹത്തെ സേവിക്കാനുള്ള മാര്‍ഗമാണിത്. ബി.ജെ.പിയുടെ ആദര്‍ശങ്ങളോട് വിശ്വസമുള്ളതുകൊണ്ടുമാണ് കൂടെ നില്‍ക്കുന്നതെന്നും അവർ പറഞ്ഞു.
