
മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സും (എസ്.സി.ഐ.എ) നീതി, ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ് മന്ത്രാലയവും സഹകരിച്ച്, രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ലൈലത്ത് അല്‍ ഖദ്റിന്റെ വാര്‍ഷിക ചടങ്ങും 29ാമത് ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസിന്റെ സമാപന- അവാര്‍ഡ് ദാന പരിപാടിയും നടത്തി.
എസ്.സി.ഐ.എ. പ്രസിഡന്റ് ഷെയ്ഖ് അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ ഖലീഫ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനും അവാര്‍ഡിനും രക്ഷാകര്‍തൃത്വം വഹിച്ചതിന് ശൈഖ് അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ്, രാജാവിന് നന്ദി പറഞ്ഞു.
ഏഴ് മത്സര വിഭാഗങ്ങളിലായി 105 പുരുഷ വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. കുടുംബ ഖുര്‍ആന്‍ സമ്മാനം, ഏറ്റവും പ്രായം കൂടിയ പങ്കാളികള്‍ക്കും ഏറ്റവും പ്രായം കുറഞ്ഞ പങ്കാളികള്‍ക്കും വ്യക്തിഗത സമ്മാനങ്ങള്‍, മികച്ച പ്രാദേശിക ഖുര്‍ആന്‍ മത്സര സമ്മാനമായ ദാവൂദിന്റെ ഫ്ളൂട്ട് പാരായണത്തിലെ മികവിനുള്ള സമ്മാനം എന്നിവയും ഷെയ്ഖ് ഇസ ബിന്‍ അലി അല്‍ ഖലീഫ ഖുര്‍ആന്‍ മെമ്മറൈസേഷന്‍ സെന്ററിന് മികച്ച ഖുര്‍ആന്‍ സെന്റര്‍ സമ്മാനവും ലഭിച്ചു.
സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനും കാസേഷന്‍ കോടതി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല ആല് ഖലീഫ, ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയും ‘കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള് കോഎക്സിസ്റ്റന്‍സ്’ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് ആല് ഖലീഫ, നീതി, ഇസ്ലാമിക് അഫയേഴ്സ് ആന്റ് എന്‍ഡോവ്മെന്റ്സ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദ, സാമൂഹിക വികസന മന്ത്രി ഒസാമ ബിന്‍ സാലിഹ് അല്‍ അലവി, പ്രതിനിധി കൗണ്‍സിലിന്റെ രണ്ടാം ഡെപ്യൂട്ടി സ്പീക്കര്‍ അഹമ്മദ് അബ്ദുല്‍വാഹിദ് ഖരാത്ത, എസ്.സി.ഐ.എ. അംഗങ്ങള്‍, ജാഫാരി എന്‍ഡോവ്മെന്റ്സ് കൗണ്‍സില്‍ ചെയര്മാന് യൂസഫ് ബിന്‍ സാലിഹ് അല്‍ സാലിഹ്, വടക്കന്‍ ഗവര്‍ണറേറ്റ് ഗവര്‍ണര്‍ അലി ബിന്‍ അബ്ദുല്‍ഹുസൈന്‍ അല്‍ അസ്ഫൂര് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഈ വര്‍ഷത്തെ മത്സരങ്ങളില്‍ 1,598 പുരുഷന്മാരും 2,644 സ്ത്രീകളും ഉള്‍പ്പെടെ ആകെ 4,242 പേര് പങ്കെടുത്തു. ഖുര്‍ആന്‍ സെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മനഃപാഠം, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ‘ബയാന്‍’, റിന്നശേഷിക്കാര്ക്ക് ‘അജ്രാന്‍’, തടവുകാര്‍ക്കുള്ള ‘ഗുഫ്രാന്’, പൊതുജനങ്ങള്‍ക്ക് ‘റിദ്വാന്’, അറബി സംസാരിക്കാത്തവര്‍ക്കുള്ള ‘സല്മാന് അല്‍ ഫാര്‍സി’, പാരായണം, പ്രകടനം എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍.
