
തൃശ്ശൂർ: തൃശൂർ രാഗം തിയറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനെ വെട്ടിയ സംഭവത്തില്‍ പ്രവാസി വ്യവസായിയും സിനിമ നിർമാതാവുമായ റാഫേലിനെതിരെ ക്വട്ടേഷൻ ആരോപണം. ആക്രമിക്കപ്പെട്ട സുനില്‍ തന്നെയാണ് ആരോപണം ഉന്നയിക്കുന്നത്. തന്നെ വെട്ടിക്കൊല്ലാൻ സിജോയ്ക്ക് ക്വട്ടേഷൻ നൽകിയത് റാഫേൽ ആണെന്നാണ് സുനില്‍ ആരോപിക്കുന്നത്. സിനിമ വിതരണത്തിലെ സാമ്പത്തിക ഇടപാടിനെ ചൊല്ലി റാഫേലുമായി തർക്കമുണ്ടെന്ന് സുനിൽ പറയുന്നു. ഒരു വർഷം മുമ്പ് സിജോ ഭീഷണിപ്പെടുത്തിയത് റാഫേൽ പറഞ്ഞിട്ടാണ്. സിജോയും റാഫേലും ഒരു വർഷം മുമ്പത്തെ കേസിൽ കൂട്ടുപ്രതികളാണ്. സുനിലിനെ വെട്ടിയ കേസിൽ റിമാൻഡിലാണ് സിജോ. ഇരിങ്ങാലക്കുട മാസ് തിയറ്റർ ഉടമയാണ് റാഫേൽ പൊഴോലിപറമ്പിൽ.
സുനിലിനെ വെട്ടിയ രണ്ട് ഗുണ്ടകൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസുമാണ് പിടിയിലായത്. സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനായിരുന്നു. ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകിയ സിജോ നേരത്തെ പിടിയിലായിരുന്നു. ഒരു വർഷം മുമ്പ് തിയേറ്ററിൽ വന്ന് സുനിലിനെ ഭീക്ഷണിപ്പെടുത്തിയ കേസിൽ പ്രതിയാണ് സിജോ. കൂടാതെ ഗുണ്ടകൾക്ക് കാറുകൾ തരപ്പെടുത്തിയ മൂന്ന് പേരും പിടിയിലായിരുന്നു. മൂന്ന് ലക്ഷം രൂപയ്ക്ക് പ്രവാസി വ്യവസായിയാണാണ് ക്വട്ടേഷൻ നൽകിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്കെത്തിയത്. പ്രതികള്‍ സഞ്ചരിച്ച കാറിനെപ്പറ്റി പൊലീസിന് നിര്‍ണായക വിവരം ലഭിച്ചിരുന്നു. പിന്നാലെയാണ് ഇവരെ പിടികൂടുന്നത്. പ്രവാസി വ്യവസായിയുടെ വിശ്വസ്തന്റെ കാറാണിതെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. രാത്രി പത്തുമണിയോടെയാണ് വെളപ്പായയിലെ സുനിലിന്റെ വീടിന് മുന്നില്‍ വെച്ച് ക്വട്ടേഷന്‍ ആക്രമണം ഉണ്ടായത്. കാറില്‍ വന്ന് ഗേറ്റ് തുറക്കാനിറങ്ങുന്നതിനിടെ ആദ്യം ഡ്രൈവറെയും പിന്നീട് സുനിലിനെയും ആയുധധാരികളായ മൂന്നംഗ സംഘം ആക്രമിച്ചു.


