ദോഹ: ലോകകപ്പിനു ശേഷം ഖത്തറിലേക്കുള്ള വിസ നടപടിക്രമങ്ങൾ പുനഃസ്ഥാപിച്ചു. ഓൺ അറൈവൽ വിസയിൽ എത്തുന്നവർ ഹോട്ടൽ ബുക്കിംഗ് ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കണം. ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് സൗജന്യ ഓൺ അറൈവൽ വിസ ലഭിക്കുമെങ്കിലും ഖത്തറിൽ താമസിക്കുന്ന ദിവസങ്ങളുടെ സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിംഗ് നിർബന്ധമാണ്.
ഓൺ അറൈവൽ വിസയുടെ കാലാവധി 30 ദിവസമാണ്. എന്നിരുന്നാലും, ഹോട്ടൽ ബുക്കിംഗ് ദിവസങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് വിസ അനുവദിക്കുന്നത്. സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ ഇത് സംബന്ധിച്ച് എല്ലാ വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും സർക്കുലർ നൽകിയിട്ടുണ്ട്.
ഓൺ അറൈവൽ വിസയിൽ എത്തുന്നവർക്ക് 6 മാസത്തെ കാലാവധിയുള്ള പാസ്പോർട്ട്, സ്ഥിരീകരിച്ച റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് (ഡിസ്കവർ ഖത്തർ വെബ്സൈറ്റ് വഴി മാത്രം ബുക്ക് ചെയ്തിരിക്കുന്നത്) എന്നിവ ഉണ്ടായിരിക്കണം. എല്ലാത്തരം സന്ദർശക വിസകളും ബിസിനസ്സ്, ഫാമിലി വിസകളും മുമ്പത്തെപ്പോലെ അപേക്ഷിക്കണം. ഹയ കാർഡ് വഴി അനുവദിച്ച പ്രവേശനം ഇന്നലെ അവസാനിച്ചു.