ദോഹ: ഒരു മാസം നീണ്ട ഫിഫ ലോകകപ്പിനിടെ നവംബർ 18 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ പബ്ലിക് ട്രാൻസിറ്റ് സംവിധാനങ്ങളിൽ യാത്ര ചെയ്തത് 2.68 കോടി യാത്രക്കാർ. ഗതാഗത മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്.
ഖത്തർ റെയിലിന്റെ ദോഹ മെട്രോയും, ട്രാമുകളും പൊതുഗതാഗത കമ്പനിയായ മൗസലത്തിന്റെ കർവ ബസുകളുമാണ് സുഗമമായ യാത്ര ക്രമീകരിച്ചത്. ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 26,425 വിമാനങ്ങളാണ് ആരാധകരുമായി എത്തിയത്. ഭിന്നശേഷിക്കാർക്കായി 70 പ്രത്യേക വാഹനങ്ങളുടെ സർവീസും മൗസലത്ത് നടത്തിയിരുന്നു. കർവ ബസുകളിൽ 938 എണ്ണവും വീൽചെയർ പ്രവേശിപ്പിക്കാൻ പാകത്തിന് സജ്ജമാക്കിയതായിരുന്നു. ലോകകപ്പ് ആരാധകരിൽ ഹയ കാർഡുള്ളവർക്ക് ദോഹ മെട്രോ, ട്രാം, കർവ ബസ് എന്നിവയിൽ യാത്ര സൗജന്യമായിരുന്നു. സ്റ്റേഡിയങ്ങളിലേക്കും തിരിച്ച് താമസ സ്ഥലത്തേക്കും തടസ്സമില്ലാത്ത ഷട്ടിൽ സർവീസുകളും ഉറപ്പാക്കിയിരുന്നു.