ദോഹ: ഖത്തറിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള 200 കിലോമീറ്റർ ഓട്ടം 30 മണിക്കൂറും 34 മിനിറ്റും കൊണ്ട് ഇന്ത്യൻ താരം സൂഫിയ സൂഫി പൂർത്തിയാക്കി കരിയറിലെ നാലാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ഖത്തറിന്റെ തെക്ക് അബു സമ്ര അതിർത്തിയിൽ നിന്ന് ജനുവരി 12ന് രാവിലെ 6 മണിക്ക് ആരംഭിച്ച മത്സരം ജനുവരി 13ന് ഉച്ചയ്ക്ക് 12.50ന് വടക്ക് അൽ-റുവൈസിലെ സുലാൽ വെൽനസ് റിസോർട്ടിന് മുന്നിൽ സമാപിച്ചു. ഇടവേളയില്ലാതെ 30 മണിക്കൂറും 34 മിനിറ്റും കൊണ്ടാണ് സൂഫിയ ഓട്ടം പൂർത്തിയാക്കിയത്. ലക്ഷ്യം 35 മണിക്കൂറായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും കുറഞ്ഞ സമയത്തിനുള്ളിൽ സൂഫിയ ലക്ഷ്യസ്ഥാനത്ത് എത്തി.
ഇതോടെ ഒരു രാജ്യത്ത് ഏറ്റവും വേഗത്തിൽ ഓടിയതിന് സൂഫിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. രേഖകൾ പരിശോധിച്ച ശേഷം ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ സൂഫിയയുടെ പേരിൽ പുതിയ റെക്കോർഡ് സ്ഥാപിക്കും. മത്സരം പൂർത്തിയാക്കിയ സൂഫിയയ്ക്ക് ഇന്ത്യൻ സ്പോർട്സ് സെന്റർ ഭാരവാഹികളും റിസോർട്ട് അധികൃതരും ചേർന്ന് ഊഷ്മള വരവേൽപ്പ് നൽകി.