ദോഹ: ഖത്തർ ബലൂൺ ഫെസ്റ്റിവൽ കോർണിഷിലെ പഴയ ദോഹ തുറമുഖത്ത് ഇന്ന് ആരംഭിക്കും. ഗ്രാൻഡ് ടെർമിനലിൻ പിന്നിലുള്ള മൈതാനമാണ് വേദി. 50 ഹോട്ട് എയർ ബലൂണുകളുടെ പ്രദർശനം, ഉച്ചയ്ക്കും രാത്രിയിലും ആകാശത്തെ അടിപൊളിയാക്കാൻ ഭീമൻ പട്ടത്തിന്റെ പ്രദർശനം എന്നിവയാണ് 10 ദിവസം നീണ്ടുനിൽക്കുന്ന മേളയുടെ പ്രധാന ആകർഷണങ്ങൾ.
തത്സമയ സംഗീതകച്ചേരികളും വിനോദ കാഴ്ചകളും സന്ദർശകർക്കായി ക്രമീകരിച്ചിട്ടുണ്ട്. രുചികരമായ വിഭവങ്ങളുമായി ഫുഡ് ട്രക്കുകളും സജീവമാകും. വ്യത്യസ്ത ഡിസൈനുകളിലുള്ള കൂറ്റൻ ഹോട്ട് എയർ ബലൂണുകളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. കാർണിവൽ, ഫുട്ബോൾ ഡാർസട്സ് , വെർച്വൽ റിയാലിറ്റി, ഇലക്ട്രോണിക് മുതലായ വിവിധ തരം ഗെയിമുകളുള്ള പ്രത്യേക ഗെയിം സോണും ഉണ്ട്.
പ്രതിദിനം അയ്യായിരത്തോളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് പരിപാടികൾ. കുട്ടികളുടെ വിനോദ പരിപാടികളും ഫുഡ് കിയോസ്ക്കികളും രാത്രി 11 മണി വരെ പ്രവർത്തിക്കും. 499 റിയാൽ നിരക്കിൽ ഹോട്ട് എയർ ബലൂണിൽ 30-45 മിനിറ്റ് ആകാശ യാത്രയും ചെയ്യാം. മാർച്ച് വരെയാണ് ഈ സേവനം ലഭ്യമാകുക. https://qatarballoonfestival.com/ എന്ന വെബ്സൈറ്റിൽ സേവനങ്ങൾക്കായി ബുക്ക് ചെയ്യാം.