ദോഹ: ലോകത്തിലെ മികച്ച വിമാനക്കമ്പനിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഖത്തര്‍ എയര്‍വെയ്സ്. ആറാം തവണയാണ് ഖത്തര്‍ എയര്‍വെയ്സ് മികച്ച കമ്പനിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സ്കൈട്രാക്സ് ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്ക്കാരമാണ് ഖത്തര്‍ എയര്‍വെയ്സ് നേടിയിരിക്കുന്നത്.
2019 സെപ്റ്റംബര്‍ മുതല്‍ 2021 ജൂലൈ വരെ സ്കൈട്രാക്സ് നടത്തിയ ഉപഭോക്തൃ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പുരസ്ക്കാരം. കൊവിഡ് പകര്‍ച്ചവ്യാധി കാലത്തെ സര്‍വീസുകള്‍ മുന്‍ നിര്‍ത്തിയാണ് സര്‍വേ സംഘടിപ്പിച്ചത്.
350 ലധികം വിമാനക്കമ്പനികളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. സര്‍വേയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് രണ്ടാം സ്ഥാനാവും എ.എന്‍.എ ഓള് നിപ്പോണ്‍ എയര്‍വെയ്സ് മൂന്നാം സ്ഥാനവും നേടി.
ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് സീറ്റ്, മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനകമ്പനി എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും ഖത്തര്‍ എയര്‍വെയ്സ് നേടി.
ലോകത്തിലെ ഏറ്റവും മികച്ച ക്യാബിന് ക്രൂ, ലോകത്തിലെ ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ്, ഏഷ്യയിലെ മികച്ച വിമാനകമ്പനി, ലോകത്തിലെ ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ് സീറ്റ് എന്നിവയ്ക്കുള്ള പുരസ്ക്കാരങ്ങള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് നേടി.
ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് സര്‍വീസസ് പുരസ്ക്കാരം, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനകമ്പനി എന്നീ പുരസ്ക്കാരങ്ങള്‍ എ.എന്‍.എ ഓള് നിപ്പോണ്‍ എയര്‍വെയ്സും നേടി.