ദോഹ: ആസ്ട്രേലിയയിലെ ഇക്കണോമിക്സ്, പീസ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ആഗോള സമാധാന സൂചികയിലെ ആദ്യ 10 രാജ്യങ്ങളിൽ ഖത്തറും. സൂചികയിൽ തുടർച്ചയായ അഞ്ചാം വർഷവും ഖത്തർ ഒന്നാം സ്ഥാനം നിലനിർത്തി. സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ന്യൂയോർക് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലും കേന്ദ്രങ്ങളുണ്ട്.
163 രാജ്യങ്ങളെ ഉൾപ്പെടുത്തിയ 2023ലെ റിപ്പോർട്ടിൽ ഖത്തർ 21ാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം ഖത്തർ 29ാമതായിരുന്നു. റിപ്പോർട്ടിലെ ആഗോള സമാധാന സൂചികയിൽ ഖത്തർ ഒമ്പതാമതും അറബ് ലോകത്ത് ഒന്നാമതുമാണ്. ദേശീയ തന്ത്രങ്ങൾ, കുറഞ്ഞ കുറ്റകൃത്യനിരക്ക്, കോവിഡ് പ്രതിരോധ നടപടികൾ, ഫിഫ ലോകകപ്പിൽ ഖത്തറിന്റെ വിജയകരമായ നടത്തിപ്പ് എന്നിവ മേഖലയിലും ആഗോളാടിസ്ഥാനത്തിലും സുരക്ഷ, സമാധാന സൂചികയിൽ മുന്നിലെത്താൻ സഹായിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് ഫോളോഅപ് വിഭാഗം മേധാവി ക്യാപ്റ്റൻ മുഹമ്മദ് നാസർ അൽ ഖലീഫ പറഞ്ഞു. 2011 മുതൽ 2022 വരെ ദേശീയതന്ത്രത്തിന്റെ വിവിധ ഘട്ടങ്ങൾ ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ആരംഭിക്കുകയും നടപ്പാക്കുകയും ചെയ്തതായി ഖത്തർ ടി.വിയോട് സംസാരിക്കവേ ക്യാപ്റ്റൻ അൽ ഖലീഫ കൂട്ടിച്ചേർത്തു.
കുറഞ്ഞ കുറ്റകൃത്യ നിരക്കിന്റെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതായും അദ്ദേഹം സൂചിപ്പിച്ചു. ഭാഗികമോ പൂർണമോ ആയ നിരോധനം ഏർപ്പെടുത്താതെതന്നെ എല്ലാ പങ്കാളികളുമായും സഹകരിച്ച് കോവിഡ് ഭീഷണികളെ ചെറുക്കുന്നതിൽ ഖത്തർ വിജയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുരക്ഷ, സമാധാന സൂചികയിൽ മുന്നിലെത്തുന്നതിൽ ഖത്തർ ലോകകപ്പിന്റെ വിജയകരമായ സംഘാടനവും പ്രധാന ഘടകമായെന്നും അദ്ദേഹം പറഞ്ഞു.