ഇന്ത്യയിൽ നിന്നും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്ക് കേന്ദ്ര സർക്കാർ നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ ക്യൂ. ആർ. കോഡ് വഴി വെരിഫിക്കേഷൻ നടത്തുന്നതിനു തടസ്സം നേരിടുന്നതായി പരാതി ഉയരുന്നു. പ്രവാസികളുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് റെജിസ്ട്രേഷൻ ആപ്പിൽ റെജിസ്റ്റർ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന്, സർട്ടിഫിക്കറ്റിലെ ക്യു. ആർ. കോഡ് സ്കാൻ ചെയ്തപ്പോഴാണു ഇക്കാര്യം പലരുടേയും ശ്രദ്ധയിൽ പെട്ടത്.
കോവിൻ സൈറ്റിൽ നിന്ന് നേരിട്ട് ഡൗൺ ലോഡ് ചെയ്ത സർട്ടിഫിക്കറ്റിലെ ക്യൂ ആർ കോഡ് സ്കേൻ ചെയ്യുമ്പോൾ അവ്യക്തമായ അക്ഷരങ്ങളും ചിഹ്നങ്ങളുമാണു റിസൾട്ടായി ലഭിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിലെ ക്യൂ ആർ കോഡ് വഴി സർട്ടിഫിക്കറ്റ് ഉടമയുടെ കൃത്യമായ വിവരങ്ങൾ ലഭ്യവുമാണ്. സർട്ടിഫിക്കറ്റിൽ കൃതൃമം തടയുന്നതിനു കേന്ദ്ര സർക്കാർ അതീവ സുരക്ഷാ സംവിധാനത്തോട് കൂടിയാണു ക്യൂ. ആർ. കോഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതാണ് പ്രവാസികൾക്ക് തിരിച്ചടി ആയേക്കുക. ഇവ നേരിട്ട് സ്കാൻ ചെയ്യുന്നതിനു പരിശോധകർക്ക് സാധ്യമാകില്ല.
പകരം സർട്ടിഫിക്കറ്റിലെ ക്യൂ ആർ കോഡിന് താഴെ നൽകിയിരിക്കുന്ന കോവിൻ സൈറ്റിൽ കയറി ഇതിലെ സ്കേൻ സെക്ഷൻ ഓൺ ചെയ്യുമ്പോൾ തുറക്കുന്ന കേമറ വഴി മാത്രമാണു ക്യൂ ആർ. കോഡ് വെരിഫിക്കേഷൻ സാധ്യമാകുകയുള്ളൂ. ഇത് ഏറെ സങ്കീർണ്ണവും കൂടുതൽ സമയം ആവശ്യമായ പ്രക്രിയയുമാണു. ഇത് കൊണ്ട് തന്നെ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്ഥമായ ഇന്ത്യക്കാരുടെ ക്യൂ. ആർ. കോഡ് പരിശോധന കുവൈത്ത് അധികൃതർക്കും തലവേദന ശൃഷ്ടിക്കുന്നതോടൊപ്പം ഇവ തള്ളിക്കളയാനുള്ള സാധ്യതയും ഏറെയാണു. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കൃതൃമം നടക്കാനുള്ള സാധ്യത മുൻ നിർത്തി കഴിഞ്ഞ ആഴ്ച മുതലാണു കുവൈത്ത് ആരോഗ്യ മന്ത്രാലയം സർട്ടിഫിക്കറ്റ് പരിശോധനക്കായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയത്.
ഇന്ത്യയിൽ നിന്നുള്ള കോവി ഷീൾഡ് സർട്ടിഫിക്കറ്റിനു കുവൈത്ത് അംഗീകാരം നൽകുകയും ഇത്തരത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ഇമ്മ്യൂൺ ആപ്പിൽ നേരത്തെ സർട്ടിഫിക്കറ്റ് റെജിസ്റ്റർ ചെയ്ത പലർക്കും അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈയിടെയായി സർട്ടിഫിക്കറ്റ് റെജിസ്ടേഷൻ നടത്തിയ ആർക്കും തന്നെ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ഇത് വരെയായി യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല.ഇത് ക്യൂ. ആർ കോഡ് പരിശൊധനയിൽ ഉണ്ടായ സങ്കീർണ്ണതയെ തുടർന്നാണോ എന്ന ആശങ്കയാണു നാട്ടിൽ കുടുങ്ങികിടക്കുന്ന കുവൈത്ത് പ്രവാസികൾ പങ്കു വെക്കുന്നത്.