കോട്ടയം : നാളെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ നിശബ്ദ പ്രചാരണം തകൃതി. 25 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് ഇന്നലെ വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെ സമാപനമായിരുന്നു. വോട്ടെടുപ്പ് സാമഗ്രികള്‍ ഇന്ന് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ പാമ്ബാടിയാണ് മൂന്ന് മുന്നണികളും കൊട്ടിക്കലാശത്തിന് തിരഞ്ഞെടുത്തത്. എട്ട് പഞ്ചായത്ത് ആസ്ഥാനങ്ങളിലും കൊട്ടിക്കലാശം സംഘടിപ്പിച്ചെങ്കിലും പാമ്ബാടിയിലായിരുന്നു പ്രധാന പരിപാടി. മൂന്ന് മുന്നണികളും തങ്ങളുടെ ശക്തി പ്രകടനവുമായി പാമ്ബാടിയില്‍ സംഗമിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകരും അണിചേര്‍ന്നു. കൃത്യം ആറോടെ പോലീസ് ഇടപെട്ട് ഉച്ചഭാഷിണികള്‍ നിര്‍ത്തിവെപ്പിച്ചതോടെ കൊട്ടിക്കലാശത്തിന് അവസാനമായി.
പാമ്ബാടിയിലെ കലാശക്കൊട്ടില്‍ ചാണ്ടി ഉമ്മൻ പങ്കാളി ആയില്ല. നാലോടെ പാമ്ബാടിയിലെത്തി അയര്‍ക്കുന്നത്തേക്ക് പോകുകയായിരുന്നു. പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടില്‍ പങ്കാളിയാകുന്നില്ല എന്ന് തീരുമാനമെടുക്കുകയായിരുന്നു.
യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി തോമസും എൻ ഡി എ സ്ഥാനാര്‍ഥി ലിജിൻ ലാലുമാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. എ എ പി, സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സരിക്കുന്നുണ്ട്.