പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിൽ ചൊവ്വാഴ്ച രാവിലെ രണ്ട് കാട്ടാനകൾക്കൊപ്പം ‘പി.ടി.7’വീണ്ടും എത്തി. രണ്ട് മണിക്കൂറോളം നാട്ടുകാരെയും ദ്രുതപ്രതികരണസംഘത്തെയും ഭയചകിതരാക്കി നിർത്തിയ ശേഷമാണ് ആനക്കൂട്ടം കാട്ടിലേക്ക് കടന്നത്. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ടാസ്ക് ഫോഴ്സും നാട്ടുകാരും ഏറെ കഷ്ടപെട്ടു.
ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് ‘പി.ടി.7’ ധോണി കോർമ അപ്പക്കാട് പ്രദേശത്തെ വനത്തിൽ നിന്ന് രണ്ട് കാട്ടാനകൾക്കൊപ്പം ജനവാസ മേഖലയിലേക്ക് പ്രവേശിച്ചത്. മുത്തങ്ങയിൽ നിന്നെത്തിയ മിഷൻ സംഘത്തിലുണ്ടായിരുന്ന കുങ്കിയാനകളുടെ കണ്ണു വെട്ടിച്ച് അവർ മറ്റൊരു വഴിയിലൂടെയാണ് കാടിറങ്ങിയത്.
ആനക്കൂട്ടത്തെ കണ്ട നാട്ടുകാർ ബഹളം വച്ചതോടെ വീടുകൾക്ക് സമീപത്തെ പാടത്ത് ആനകൾ നിലയുറപ്പിച്ചു. വിവരം ലഭിച്ച ഉടനെ സ്ഥലത്തെത്തിയ ആർ.ആർ.ടി. സംഘം പടക്കം പൊട്ടിച്ച് ആനകളെ കാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. ഇതിനിടെ ആനകൾ സമീപത്തെ റബ്ബർ തോട്ടത്തിൽ എത്തി. ഇവയെ ഓടിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ആനക്കൂട്ടം സമീപത്തെ കോളനി റോഡിലൂടെ ഓടി സമീപത്തെ കുറ്റിക്കാട്ടിൽ നിലയുറപ്പിച്ചു.