ബെൻഫിക്ക: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ പി.എസ്.ജിക്ക് സമനില. ബെൻഫിക്കയുമായുള്ള മാച്ചിൽ 1-1ന് സമനിലയിൽ കുടുങ്ങുകയായിരുന്നു. 22-ാം മിനിറ്റിൽ ലയണൽ മെസിയാണ് പി.എസ്.ജിയുടെ ആദ്യ ഗോൾ നേടിയത്. 41-ാം മിനിറ്റിൽ ഡാനിയാലോയുടെ സെൽഫ് ഗോൾ പിഎസ്ജിക്ക് തിരിച്ചടിയായി. മെസിയും നെയ്മറും എംബാപ്പെയും പരമാവധി ശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല.
അതെ സമയം റയൽ മാഡ്രിഡ് അവരുടെ മൂന്നാം മത്സരം ജയിച്ചു. റയൽ 2-1ന് ഷാക്തറിനെ തോൽപ്പിച്ചു. റോഡ്രിഗോ, വിനീഷ്യസ് എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്. മൂന്ന് ജയത്തോടെ റയലിന് ഗ്രൂപ്പിൽ ഒമ്പത് പോയിന്റാണുള്ളത്.
പ്രീമിയർ ലീഗിന് ശേഷം മാഞ്ചസ്റ്റർ സിറ്റിയും എർലിംഗ് ഹാളണ്ടും ചാമ്പ്യൻസ് ലീഗിലും ഗോൾ വേട്ട തുടരുകയാണ്. കോപ്പൻഹേഗനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്. ഹാളണ്ട് ഇരട്ടഗോൾ നേടി. റിയാദ് മെഹറെസ്, ജൂലിയൻ അൽവാരസ് എന്നിവരും ഗോൾ പട്ടികയിൽ ഇടംപിടിച്ചപ്പോൾ ഒരു ഗോൾ സെൽഫ് ഗോളിന്റെ രൂപത്തിലും കിട്ടി. മറ്റൊരു മത്സരത്തില്‍ വമ്പൻമാരുടെ പോരിൽ എസി മിലാനെ തകര്‍ത്ത് ചെൽസി മുന്നേറി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെൽസിയുടെ ജയം. വെസ്ലി ഫോഫാന, ഔബമയോങ്, റീസെ ജെയിംസ് എന്നിവരാണ് ഗോളുകൾ നേടിയത്. സീസണിലെ ചെൽസിയുടെ ആദ്യം ജയം കൂടിയായിരുന്നു ഇത്.