
മനാമ: ബഹ്റൈനില്‍ വ്യവസായ- വാണിജ്യ മന്ത്രാലയവും ഐക്യരാഷ്ട്രസഭയുടെ വ്യാവസായിക വികസന സംഘടനയും (യൂനിഡോ) സംയുക്തമായി പ്രോസ്തെറ്റിക്സ് നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി ഒരു പ്രാദേശിക മികവിന്റെ കേന്ദ്രം സ്ഥാപിക്കും. ഇതു സംബന്ധിച്ച സംയുക്ത പ്രഖ്യാപനത്തില്‍ മന്ത്രാലയവും യൂനിഡോയും ഒപ്പുവെച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന, അന്താരാഷ്ട്ര നയരൂപീകരണക്കാര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവര്‍ പങ്കെടുത്ത വേള്‍ഡ് ഫോറം ഓണ്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ഇന്‍വെസ്റ്റ്മെന്റിലാണ് (2026) പ്രഖ്യാപനമുണ്ടായത്.
വ്യാവസായിക മേഖലാ നയത്തിന് (2022- 2026) അനുസൃതമായി പ്രത്യേകവും ഉയര്‍ന്ന മൂല്യവര്‍ധിതവുമായ വ്യവസായങ്ങളുടെ, പ്രത്യേകിച്ച് നൂതന മെഡിക്കല്‍ ഉപകണങ്ങളുടെ നിര്‍മ്മാണത്തിന്റെ വികസനത്തെ പിന്തുണയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും വ്യാവസായിക മൂല്യ ശൃംഖലകളെ ശക്തിപ്പെടുത്താനും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ ബഹ്റൈന്റെ വ്യാവസായിക മേഖലയുടെ മത്സരശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.


