തിരുവനന്തപുരം: ഭവന നിർമാണ ബോർഡ് നിർത്തലാക്കാനുള്ള ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നിർദ്ദേശത്തിനെതിരെ മന്ത്രിസഭാ യോഗത്തിൽ വിമർശനമുന്നയിച്ച് റവന്യൂമന്ത്രി കെ.രാജൻ. ചീഫ് സെക്രട്ടറി ഒറ്റയ്ക്ക് വലിയ തീരുമാനങ്ങൾ എടുക്കരുതെന്നും ഇവിടെ സർക്കാരുണ്ടെന്ന് ഓർക്കണമെന്നും കെ രാജൻ പറഞ്ഞു. വിഷയം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റവന്യൂ വകുപ്പിനു കീഴിലാണ് ബോർഡ്.
ബോർഡിന്റെ പ്രവർത്തനം നിർത്തുന്നത് പരിശോധിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു. ബോർഡ് നഷ്ടത്തിലാണെന്നും വരുമാനമില്ലെന്നും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും റിപ്പോർട്ട് നൽകി. പ്രവർത്തനം നിർത്തിവയ്ക്കാൻ ഭരണപരിഷ്കാര കമ്മീഷൻ നേരത്തെ നിർദേശം നൽകിയിരുന്നു.
1971ലായിരുന്നു ബോർഡിന്റെ രൂപീകരണം. സർക്കാരിൻ്റെ പ്രധാന പദ്ധതികളെല്ലാം നടപ്പാക്കിയത് ബോർഡാണ്. 8,000 കോടി രൂപയാണ് ബോർഡിന്റെ ആസ്തി. പദ്ധതികൾ സർക്കാരിനു കൈമാറാത്തതാണ് പ്രതിസന്ധി. നിലവിലെ 195 ജീവനക്കാർക്ക് കൃത്യമായ ശമ്പളം പോലുമില്ല.