കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ മയക്കുമരുന്ന് കേസിലെ ശിക്ഷാത്തടവുകാരന്‍ കോയ്യോട് സ്വദേശി ടി.സി. ഹര്‍ഷാദിനെ (33) തമിഴ്നാട്ടിലെ ഒളിത്താവളത്തില്‍നിന്ന് അറസ്റ്റ്ചെയ്തു. ഒളിത്താവളം ഒരുക്കിയ മധുര കാരക്കുടി സ്വദേശിനി അപ്സരയെയും (23) അറസ്റ്റ്ചെയ്തു. കണ്ണൂര്‍ എ.സി.പി. കെ.വി. വേണുഗോപാല്‍, ടൗണ്‍ ഇന്‍സ്പെക്ടര്‍ കെ.വി. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടിച്ചത്. ജയില്‍ ചാടാന്‍ ബെംഗളൂരുവില്‍നിന്ന് ബൈക്ക് എത്തിച്ചുനല്‍കിയ ഹര്‍ഷാദിന്റെ മരുമകന് റിസ്വാന് (24) കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. നാലുദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് അപ്സരയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് അന്വേഷണസംഘം നടത്തിയ ശാസ്ത്രീയനീക്കങ്ങള്‍ക്കൊടുവിലാണ് പ്രതിയെ പിടിച്ചത്. ബൈക്കില്‍ രക്ഷപ്പെടുത്തിയ ബന്ധുവിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ടൗണ്‍ എസ്.െഎ.മാരായ സവ്യസാചി, സി.പി. നാസര്‍, എ.എസ്.െഎ.മാരായ എം. അജയന്, സി. രഞ്ജിത്ത്, പി. ഷൈജു, വിനില്‍, വനിത എ.എസ്.െഎ. കെ. ഷിജി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.