പാലക്കാട്: മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ തയാറാക്കിയ അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെടുത്തു. കൊച്ചി പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നാണ് അന്വേഷണസംഘത്തിന് പ്രിന്റ് ലഭിച്ചത്. അട്ടപ്പാടി സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിൽ ഹാജരാക്കാനാണ് ഇതു തയാറാക്കിയത്.അഭിമുഖം നടത്തിയ അദ്ധ്യാപിക ഫോൺ വഴി സംശയമുന്നയിച്ചതിനെത്തുടർന്ന് മടക്കയാത്രയിൽ അട്ടപ്പാടി ചുരത്തിൽ വച്ച് സർട്ടിഫിക്കറ്റ് കീറിയെറിഞ്ഞുവെന്ന് വിദ്യ പൊലീസിനു മൊഴി നൽകിയിരുന്നു. ഫോണിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതെന്നും വിദ്യ അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു.
ഇതിന്റെ പ്രിന്റ് പാലാരിവട്ടത്തെ കഫേയിൽ നിന്നാണ് ഗൂഗിളിന്റെ സഹായത്തോടെ കണ്ടെത്തിയത്. ഗവേഷണ സാമഗ്രികളുടെ കോപ്പി, ബൈൻഡിംഗ് എന്നിവ വിദ്യ പ്രധാനമായും ഇവിടെ നിന്നാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കഫേ നടത്തിപ്പുകാരന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ജില്ലാ പൊലീസിലെ സൈബർ വിദഗ്ദ്ധന്റെ സഹായത്തോടെയായിരുന്നു പരിശോധന. രണ്ട് വ്യാജ സർട്ടിഫിക്കറ്റുകളാണ് വിദ്യ അട്ടപ്പാടി കോളജിൽ ഹാജരാക്കിയതെന്നും പൊലീസ് പറഞ്ഞു വിദ്യയുടെ ഫോൺ പരിശോധിച്ചപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്തതിന്റെ തെളിവ് ലഭിച്ചെങ്കിലും കാലപ്പഴക്കമുള്ളതിനാൽ മറ്റു വിവരങ്ങൾ കിട്ടിയില്ല. ഇതോടെയാണ് വിവരങ്ങൾ വീണ്ടെടുക്കാൻ അഗളി ഡിവൈഎസ്പി എൻ മുരളീധരൻ ഗൂഗിളിനെ സമീപിച്ചത്. കാസർകോട് കരിന്തളം സർക്കാർ കോളേജിൽ ഹാജരാക്കിയ വ്യാജസർട്ടിഫിക്കറ്റ് തൃക്കരിപ്പൂരിലെ ഒരു അക്ഷയകേന്ദ്രത്തിൽ നിന്ന് പ്രിന്റ് എടുത്തതാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ കേസിൽ ഈ മാസംതന്നെ കുറ്റപത്രം നൽകാനാണ് നീക്കം.