
മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ 2025ലെ പത്രപ്രവര്‍ത്തന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായി വാര്‍ത്താവിനിമയ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമി അറിയിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 15 വരെ സ്വീകരിക്കും.
മികച്ച കോളം, മികച്ച അന്വേഷണാത്മക ജേണലിസം, മികച്ച ജേണലിസ്റ്റ് ഇന്റര്‍വ്യൂ, മികച്ച ജേണലിസ്റ്റ് ഫോട്ടോ, മികച്ച ന്യൂസ്പേപ്പര്‍ നിച്ച് പേജ് അല്ലെങ്കില്‍ സപ്ലിമെന്റ്,് മികച്ച പ്രസ് സ്ഥാപനത്തിന്റെ വെബ്സൈറ്റ് അല്ലെങ്കില്‍ ഇലക്ട്രോണിക് അക്കൗണ്ട്, മികച്ച വിഷ്വല്‍ ജേണലിസ്റ്റ് കണ്ടന്റ് (വീഡിയോ), മികച്ച ഇന്‍ഫോഗ്രാഫിക് റിപ്പോര്‍ട്ട്, മികച്ച യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ജേണലിസം പ്രൊജക്റ്റ്, 2024ലെ ജേണലിസം പേഴ്സണാലിറ്റി, ബഹ്റൈന്‍ പത്രരംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ മാധ്യമപ്രവര്‍ത്തകനുള്ള ജേണലിസ്റ്റ് ഓഫ് ദി ഇയര്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.
2024ല്‍ പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചവയായിരിക്കണം എന്‍ട്രികള്‍. വിദ്യാര്‍ത്ഥി പ്രോജക്ടുകള്‍ 2024- 2025 അക്കാദമിക് വര്ഷത്തില്നിന്നുള്ളതും ബഹ്റൈന്‍ സര്‍വകലാശാലകളിലെ ജേണലിസം അല്ലെങ്കില്‍ മീഡിയ ഫാക്കല്റ്റികള് സമര്പ്പിക്കുന്നതുമായിരിക്കണം. ഓരോ മാധ്യമ സ്ഥാപനത്തിനും ഓരോ വിഭാഗത്തിനും ഓരോ വ്യക്തിക്കും ഒരു എന്‍ട്രി സമര്‍പ്പിക്കാം. വിദ്യാര്‍ത്ഥി പത്രപ്രവര്‍ത്തന വിഭാഗത്തില്‍ സര്‍വകലാശാലാ വകുപ്പുകള്‍ക്ക് പത്ത് വീഡിയോ പ്രൊജക്ടുകള്‍ വരെ നാമനിര്‍ദ്ദേശം ചെയ്യാം. സമര്‍പ്പിക്കുന്ന കൃതികള്‍ക്ക് മുമ്പ് പ്രാദേശികമോ അല്ലെങ്കില്‍ അന്തര്‍ദേശീയമോ ആയ അവാര്‍ഡുകള്‍ ലഭിച്ചിരിക്കരുത്.
കമ്മിറ്റിയുടെ നടപടിക്രമങ്ങള്‍ക്കനുസൃതമായി മാധ്യമങ്ങള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും നല്കുന്ന പൂരിപ്പിച്ച നാമനിര്‍ദ്ദേശ ഫോം എന്‍ട്രികളില്‍ ഉള്‍പ്പെടുത്തണം. യോഗ്യതയും വിഭാഗ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്: www.mia.gov.bh.
