
പ്രയാഗ് രാജിലെത്തി മഹാകുംഭമേളയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിക്കായി അതീവ സുരക്ഷയൊരുക്കിയിരുന്നു. ചടങ്ങുകളില്‍ പങ്കെടുത്ത അദ്ദേഹം ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. “സംഗമത്തിലെ സ്നാനം ദൈവികബന്ധത്തിന്റെ നിമിഷമാണ്. അതില്‍ പങ്കെടുത്ത കോടിക്കണക്കിനാളുകളെ പോലെ എന്നിലും ഭക്തി നിറഞ്ഞു.” ഗംഗാ മാതാവ് എല്ലാവര്ക്കും സമാധാനം, ജ്ഞാനം, നല്ല ആരോഗ്യം, ഐക്യം എന്നിവ നല്കി അനുഗ്രഹിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പോസ്റ്റില്‍ പറഞ്ഞു.
ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പതിബദ്ധതയുടെ ഭാഗമായി തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് പ്രധാനമന്ത്രി നിരന്തരം മുന്‍കൈയെടുത്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ജനുവരി 13-ന് ആരംഭിച്ച ഈ വര്‍ഷത്തെ മഹാകുംഭമേളയില്‍ ഇതിനകം 37 കോടിയിലേറെ ആളുകള്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 26 മഹാശിവരാത്രി വരെ കുംഭമേള നടക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയിരുന്നു. സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറേന്‍ പവല്‍ ജോബ്സ്, കോള്‍ഡ് പ്ലേ ഗായകന് ക്രിസ് മാര്ട്ടിന്, ഹോളിവുഡ് താരം ഡകോട്ട ജോണ്സണ് എന്നിവരും കുംഭമേളയ്ക്കെത്തി.
