
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ റെയ്ഡുകളെ ശക്തമായി ന്യായീകരിക്കുന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റിന്റെ ഒരു ബന്ധുവിനെ ഐസിഇ ഏജന്റുമാർ കസ്റ്റഡിയിലെടുത്തു. ബ്രസീലിലേക്ക് നാടുകടത്തൽ നടപടികൾ നേരിടുന്ന ബ്രൂണ കരോലിൻ ഫെറേര നിലവിൽ ലൂസിയാനയിലെ ഐസിഇ കേന്ദ്രത്തിലാണ് ഉള്ളത്. ലെവിറ്റിന്റെ സഹോദരനായ മൈക്കിൾ ലെവിറ്റിന്റെ മുൻ പങ്കാളിയാണ് ബ്രൂണ. ഇവർക്ക് ഒരു മകനുണ്ട്. എന്നാൽ, ബ്രൂണയും കരോലിനും വർഷങ്ങളായി സംസാരിച്ചിട്ടില്ലെന്നും, കുട്ടി ജനിച്ചത് മുതൽ ന്യൂ ഹാംഷെയറിൽ അച്ഛനൊപ്പമാണ് താമസിക്കുന്നതെന്നും അമ്മയോടൊപ്പം ഒരിക്കലും താമസിച്ചിട്ടില്ലെന്നുമാണ് റിപ്പോര്ട്ടുകൾ
കേസ് എന്താണ്?
മാസങ്ങൾക്ക് മുമ്പ് മസാച്യുസെറ്റ്സിലെ റെവേറിൽ വെച്ചാണ് ബ്രൂണ കസ്റ്റഡിയിലാകുന്നത്. ബ്രൂണ ഒരു അനധികൃത വിദേശി ആണെന്നും ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് പറഞ്ഞു. ബ്രസീലിൽ നിന്നുള്ള ബ്രൂണ ബി2 ടൂറിസ്റ്റ് വിസയിലാണ് യുഎസിൽ പ്രവേശിച്ചത്. ഇവരുടെ വിസ 1999 ജൂണിൽ കാലഹരണപ്പെട്ടു. ഇവർക്കെതിരെ മുൻപ് മർദ്ദനത്തിന് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് ട്രംപിന്റെ സെക്രട്ടറി നോമിന്റെ കീഴിൽ, യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്ന എല്ലാ വ്യക്തികളെയും നാടുകടത്തുന്നതാണെന്നും ഡിഎച്ച്എസ് വക്താവ് വ്യക്തമാക്കി. എങ്കിലും, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഈ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. മൈക്കിൾ ലെവിറ്റും വിഷയത്തിൽ വ്യക്തമായി സംസാരിച്ചില്ല. തന്റെ ഏക ആശങ്ക മകന്റെ സുരക്ഷയും ക്ഷേമവും സ്വകാര്യതയും മാത്രമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
നിയമപോരാട്ടം
അതിനിടെ, ബ്രൂണയുടെ സഹോദരി ഗ്രേസിയേല ഡോസ് സാന്റോസ് റോഡ്രിഗസ് നാടുകടത്തൽ നടപടികൾക്കെതിരെ പോരാടാൻ 30,000 ഡോളർ സമാഹരിക്കാൻ GoFundMe ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 14,000 ഡോളറിലധികം സമാഹരിച്ചു കഴിഞ്ഞു. ബ്രൂണ ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽസ് പ്രോഗ്രാമിന് കീഴിൽ നിയമപരമായാണ് യുഎസിൽ എത്തിയെന്നും ഗ്രീൻ കാർഡ് നേടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു എന്നുമാണ് അവരുടെ അഭിഭാഷകൻ ടോഡ് പോമർലോ വാദിക്കുന്നത്. കുട്ടിക്കാലത്ത് യുഎസിലേക്ക് കൊണ്ടുവന്ന കുടിയേറ്റക്കാർക്ക് ഡിഎസിഎ പ്രകാരം നാടുകടത്തലിൽ നിന്ന് സംരക്ഷണം ലഭിക്കും. എന്നാൽ, ഒരു കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ ഡിഎസിഎ സ്വീകരിക്കുന്നവർക്ക് ആ പദവി നഷ്ടപ്പെടാമെന്ന് ഡിഎച്ച്എസ് വക്താവ് അറിയിച്ചു.


