
മനാമ: ബഹ്റൈനിലെ പുതിയ മാധ്യമ നിയമം അംഗീകരിച്ച് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (41) പുറപ്പെടുവിച്ചു.
പത്രം, അച്ചടി, പബ്ലിഷിംഗ് എന്നിവയുടെ നിയന്ത്രണം സംബന്ധിച്ച 2002ലെ ഉത്തരവിലെ (47) ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമത്തിന് ശൂറ കൗണ്‍സിലിന്റെയും പ്രതിനിധി കൗണ്‍സിലിന്റെയും അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്നാണ് രാജാവിന്റെ ഉത്തരവ്. രാജ്യത്തെ പത്രം, അച്ചടി, പ്രസിദ്ധീകരണം, ഡിജിറ്റല്‍ മീഡിയ എന്നിവയെ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂടില്‍ സമഗ്രമായ ഭേദഗതികള്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് ഉള്‍പ്പെടെയുള്ള ലൈസന്‍സിംഗ്, ഉടമസ്ഥാവകാശം, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയെ ഉള്‍ക്കൊള്ളുന്ന അപ്ഡേറ്റ് ചെയ്ത നിര്‍വചനങ്ങളും നിയന്ത്രണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എഡിറ്റര്‍-ഇന്‍-ചീഫിന്റെയും മീഡിയ മാനേജര്‍മാരുടെയും ഉത്തരവാദിത്തങ്ങളും ഇത് നിര്‍വചിക്കുന്നു.
തിരുത്തലിനും മറുപടി അവകാശത്തിനുമുള്ള നടപടിക്രമങ്ങള്‍ നിയമത്തിലുണ്ട്. സുതാര്യത, എഡിറ്റോറിയല്‍ ഉത്തരവാദിത്തം, പ്രൊഫഷണല്‍ പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍, ലൈസന്‍സില്ലാത്ത പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ നിരോധിത വസ്തുക്കളുടെ പ്രസിദ്ധീകരണം പോലുള്ള ലംഘനങ്ങള്‍ക്കുള്ള ശിക്ഷകളും നിയമം വ്യവസ്ഥ ചെയ്യുന്നു.
മാധ്യമപ്രവര്‍ത്തകരെ വിചാരണയ്ക്കു മുമ്പ് തടങ്കലില്‍ വെക്കുന്നത് നിയമം നിരോധിക്കുന്നു. മാധ്യമസംബന്ധിയായ കുറ്റകൃത്യങ്ങളിലെ അന്വേഷണങ്ങള്‍ക്കും നിയമനടപടികള്‍ക്കുമുള്ള നടപടിക്രമങ്ങള്‍ നിര്‍വചിക്കുന്നു. കൂടാതെ നിയമം നടപ്പിലാക്കിയതിനു ശേഷം ആറു മാസത്തിനുള്ളില്‍ നിലവിലുള്ള ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമുകള് അവയുടെ പദവി ക്രമപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.
പ്രധാനമന്ത്രിയും മന്ത്രിമാരും അവരുടെ അധികാരപരിധിക്കുള്ളില്‍ ഈ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കും. ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതല്‍ പ്രാബല്യത്തില്‍ വരും.


