
തിരുവനന്തപുരം: ശംഖുമുഖത്ത് നടക്കുന്ന നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും ചേര്‍ന്ന് സ്വീകരിച്ചു.
വൈകിട്ടാണ് നാവികസേനയുടെ ശക്തിപ്രകടനം. ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി പങ്കെടുക്കും. തിരുവനന്തപുരത്ത് ആദ്യമായാണ് നാവികസേനാ ദിനാഘോഷം സംഘടിപ്പിക്കുന്നത്. 19 പ്രധാന യുദ്ധക്കപ്പലുകള്‍ അടക്കം 40 ലേറെ പടക്കപ്പലുകളും അന്തര്‍വാഹിനിയും 32 പോര്‍വിമാനങ്ങളും പങ്കെടുക്കും.ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ള ആത്യന്താധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും അഭ്യാസപ്രകടനത്തില്‍ അണിനിരക്കും. ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് ത്രിശൂല്‍, ഐഎന്‍എസ് തല്‍വാര്‍ എന്നിവയുള്‍പ്പെട്ട പടക്കപ്പലുകളും തീരത്തെത്തിയിട്ടുണ്ട്.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്നും (03.12.25)നാളെയും(04.12.25) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചക്ക് രണ്ട് മുതല്‍ രാത്രി ഒന്‍പത് മണി വരെയും നാളെ രാവിലെ ആറു മുതല്‍ 11 മണിവരെയുമാണ് നിയന്ത്രണം.
നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി ഒന്‍പത് മണി വരെ ശംഖുംമുഖം – ഡൊമസ്റ്റിക് എയര്‍ പോര്‍ട്ട് വരെയുള്ള റോഡിലും എയര്‍ പോര്‍ട്ട് ആറാട്ട് ഗേറ്റ്- -വള്ളകടവ് -ഈഞ്ചയ്ക്കല്‍ – മിത്രാനന്ദപുരം – എസ് പി ഫോര്‍ട്ട് -ശ്രീകണ്ഠേശ്വരം പാര്‍ക്ക്- തകരപ്പറമ്പ് മേല്‍പ്പാലം- ചൂരക്കാട്ടുപാളയം – തമ്പാനൂര്‍ ഫ്ലൈഓവര്‍ – തൈയ്ക്കാട് -വഴുതയ്ക്കാട് -വെള്ളയമ്പലം -കവടിയാര്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.
നാളെ രാവിലെ ആറു മുതല്‍ 11മണി വരെ കവടിയാര്‍- വെള്ളയമ്പലം- മ്യൂസിയം-വേള്ഡ്വാര്-വിജെറ്റി-ആശാന് സ്ക്വയര്‍- ജനറല്‍ ആശുപത്രി-പാറ്റൂര്‍-പേട്ട-ചാക്ക – ആള്‍സെയിന്റ്സ്–ശംഖുംമുഖം റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് നിരോധിച്ചു. കൂടാതെ ഇന്ന് ശംഖുംമുഖം – വലിയതുറ- പൊന്നറ-കല്ലുംമൂട് – ഈഞ്ചയ്ക്കല്‍ വരേയും നാളെ വെള്ളയമ്പലം – വഴുതക്കാട് -തൈക്കാട്- തമ്പാനൂര്‍ ഫ്ലൈഓവര്‍- ചൂരക്കാട്ട് പാളയം -തകരപറമ്പ് മേല്‍ പാലം – ശ്രീകണ്ഠേശ്വരം പാര്‍ക്ക്- എസ് പി ഫോര്‍ട്ട് മിത്രാനന്ദപുരം -ഈഞ്ചക്കല്‍ -കല്ലുംമൂട്- പൊന്നറ പാലം – വലിയതുറ- ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. അതീവ സുരക്ഷാ പ്രാധാന്യമുള്ള റൂട്ടില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്നും എസിപി അറിയിച്ചു. രാഷ്ട്രപതിയുടെ റൂട്ട് സമയത്ത് പ്രധാന റോഡില്‍ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്.


