ന്യൂ ഡൽഹി: പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ മാനേജർമാർക്ക് നിർദ്ദേശം നൽകി ഡിസ്നി. അടുത്ത മാസത്തോടെ 4,000 പേരെ പിരിച്ചുവിടുമെന്നാണ് വിവരം. ചെലവ് കുറയ്ക്കൽ എന്നാണ് വിശദീകരണം. ഡിസ്നിക്ക് ഏകദേശം 190,000 ജീവനക്കാരുണ്ട്. ചെലവ് കുറയ്ക്കുന്നതിനും കമ്പനിയുടെ പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
കഴിഞ്ഞ വർഷം നവംബറിൽ കമ്പനിയുടെ സിഇഒ റോബർട്ട് ഇഗർ മുൻ സിഇഒ ബോബ് ചാപെക്കിൽ നിന്ന് ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ഡിസ്നി ചെലവ് ചുരുക്കൽ, പിരിച്ചുവിടൽ പദ്ധതി ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വരും ആഴ്ചകളിൽ പിരിച്ചുവിടലുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിരിച്ചുവിടലുകൾ ഘട്ടം ഘട്ടമായി നടത്തുമോ എന്നതിനെക്കുറിച്ച് കമ്പനിയിൽ നിന്ന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. 5.5 ബില്യൺ ഡോളർ ചെലവ് ലാഭിക്കുന്നതിനും ബിസിനസ്സ് ലാഭകരമാക്കുന്നതിനുമായി 7,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ഡിസ്നി പ്രഖ്യാപിച്ചത്.
കമ്പനി അതിന്റെ പ്രധാന ബ്രാൻഡുകളിലും ഫ്രാഞ്ചൈസികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ബിസിനസ്സ് കൂടുതൽ ലാഭകരമാക്കുന്നതിന് ചെലവ് കുറയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് സിഇഒ ബോബ് ഐഗറിൻ വ്യക്തമാക്കിയിരുന്നു. പുതിയ പ്ലാൻ അനുസരിച്ച്, ഡിസ്നി കമ്പനിയെ മൂന്ന് വിഭാഗങ്ങളായി പുനഃസംഘടിപ്പിക്കും.