തിരുവനന്തപുരം: വിശ്വസനീയവും പഴുതുകളില്ലാത്തതുമായ ഓണ്‍ലൈന്‍ പരീക്ഷ സംവിധാനം വികസിപ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വി സിമാരോട് ആവശ്യപ്പെട്ടു. വൈസ് ചാന്‍സലര്‍മാരുടെ ഓണ്‍ലൈന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രഹസ്യാത്മകതയും നിഷ്പക്ഷതയും ഉറപ്പാക്കുന്ന ഒരു സംവിധാനമാണ് ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് ഉണ്ടാവേണ്ടത്- അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ പരീക്ഷയും ക്ലാസ്സുമെല്ലാം ഇപ്പോഴത്തെയും വരുംകാലത്തെയും അനിവാര്യതയാണെന്നും “സ്വയം” പോര്‍ട്ടല്‍ പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം.
സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം നല്‍കണം. ഓരോ പഠനവകുപ്പും അദ്ധ്യാപകരും ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ശേഖരത്തിലേക്ക് ആവുന്നത്ര ക്ലാസ്സുകള്‍ സംഭാവനചെയ്യമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഡിജിറ്റല്‍ അന്തരം കുറയ്ക്കാന്‍ വേണ്ടി അദ്ധ്യാപകരെ ഓണ്‍ലൈന്‍ അദ്ധ്യാപന മാര്‍ഗങ്ങളില്‍ പ്രാപ്തരാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ എത്രയും വേഗം തീര്‍പ്പു കല്പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജോയിന്റ് ഡിഗ്രി, സംയുക്ത ഗവേഷണം, ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവയും യോഗം ചര്‍ച്ച ചെയ്തു.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ഡോ രാജന് ഗുരുക്കള്‍, ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാര്‍ ധോദാവത്, കേരള, എം ജി, കലിക്കറ്റ്, കണ്ണൂര്‍ , കുസാറ്റ്, ശ്രീശങ്കര, കേരള കാര്‍ഷിക സര്‍വകലാശാല വിസിമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
യോഗം സെപ്റ്റംബര്‍ 16 ന് സമാപിക്കും.