
ദില്ലി: രാജ്യവ്യാപകമായി വോട്ടർ പട്ടികയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബറിൽ ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. ബുധനാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുമായി (സിഇഒ) നടത്തിയ യോഗത്തിലാണ് ഈ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചത്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ സമാനമായ ഒരു വോട്ടർ പട്ടിക പരിഷ്കരണം നടത്തിയിരുന്നു. ഈ പ്രക്രിയ ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ബിഹാർ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുൻപ് തന്നെ പ്രത്യേക തീവ്ര പുനരവലോകനം (Special Intensive Revision – SIR) പ്രഖ്യാപിച്ചേക്കുമെന്നും വൃത്തങ്ങൾ പറയുന്നു. സിഇഒമാരുമായി നടത്തിയ യോഗത്തിൽ, എപ്പോൾ പുനരവലോകനത്തിന് തയാറാകാൻ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു. സെപ്റ്റംബറോടെ അടിസ്ഥാനപരമായ കാര്യങ്ങൾ പൂർത്തിയാക്കുമെന്നും ഒക്ടോബറിൽ നടപടികൾ ആരംഭിക്കുമെന്നും മിക്ക ഉദ്യോഗസ്ഥരും ഉറപ്പ് നൽകി.
മൂന്നര മണിക്കൂറിലധികം നീണ്ട ഈ യോഗത്തിൽ, പ്രത്യേക തീവ്ര പുനരവലോകനത്തിനുള്ള തയ്യാറെടുപ്പുകളും മറ്റ് കാര്യങ്ങളും ചർച്ച ചെയ്തു. വോട്ടർമാരെ പരിശോധിക്കാൻ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ പ്രദേശത്തും സാധാരണയായി അംഗീകരിക്കപ്പെടുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ സർട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും ഈ പട്ടിക.
ഉദാഹരണത്തിന്, ഗോത്രവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും തീരദേശ മേഖലകളിലും തിരിച്ചറിയലിനും താമസത്തിനും പ്രത്യേക രേഖകൾ സാധാരണമാണ്. പല സ്ഥലങ്ങളിലും പ്രാദേശിക സ്വയംഭരണ കൗൺസിലുകളും തദ്ദേശ സ്ഥാപനങ്ങളും നൽകുന്ന സർട്ടിഫിക്കറ്റുകൾക്കും വ്യാപകമായ അംഗീകാരമുണ്ട്. ഈ വ്യത്യാസങ്ങൾ കണക്കിലെടുത്ത് പരിശോധനാ പ്രക്രിയ പൂർത്തിയാക്കാൻ സംസ്ഥാനങ്ങളോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മരിച്ചവരുടെ പേരും, സ്ഥിരമായി താമസം മാറിയവരുടെ പേരും, വ്യാജ എൻട്രികളും, പൗരന്മാരല്ലാത്തവരുടെ പേരും വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുക, ഒപ്പം വോട്ടവകാശമുള്ള എല്ലാവരെയും ഉൾപ്പെടുത്തുക എന്നിവയാണ് പ്രത്യേക തീവ്ര പുനരവലോകനത്തിന്റെ പ്രധാന ലക്ഷ്യം. എങ്കിലും, അടുത്തിടെ നടന്ന ബിഹാറിലെ വോട്ടർ പട്ടികാ പരിഷ്കരണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത് ഒരു രാഷ്ട്രീയ നീക്കമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വോട്ടർമാരെ കൂട്ടമായി പുറത്താക്കുന്നതിന് ഈ നീക്കം കാരണമാകുമെന്ന് കോൺഗ്രസ്, ആർജെഡി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്, വോട്ടർ പട്ടികയുടെ സുതാര്യതയും കൃത്യതയും നിലനിർത്താൻ ഈ നടപടികൾ നിർണായകമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഒക്ടോബറോടെ രാജ്യത്തുടനീളം ഈ പ്രക്രിയ ആരംഭിക്കുമെന്നാണ് കരുതുന്നത്.
