ന്യൂയോർക്ക്: പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതത്ര ദിനത്തോടനുബന്ധിച്ചു ആഗസ്റ്റ് മാസം 14 ശനിയാഴ്ച ന്യൂയോർക്ക് സമയം രാവിലെ 10 മണിക്ക് സ്പന്ദനരാഗം എന്ന സംഗീത പ്രോഗ്രാം കേരള സംസ്ഥാന നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഉത്ഘാടനം ചെയ്യും.
കേരളത്തിൽ ഇനിയും സഹായം .ലഭിക്കാത്തതായ വിവിധ ജില്ലകളിലെ നിർദ്ധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സഹായത്തിനായി അവർക്ക് മെബൈൽ ഫോൺ/ ടാബ് വാങ്ങി നൽകുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ വിവിധ സ്റ്റേറ്റിൽ ഉള്ള മലയാളീകളായ മുൻനിര ഗായകർ അണിചേരുന്ന ഒരു സംഗീത പ്രോഗ്രാം ആണ് സ്പന്ദന രാഗം.
ഈ സംഘടനയുടെ അമേരിക്ക റീജിയൺ കോർഡിനേറ്ററും , സാമൂഹ്യ സാംസ്കാരിക മാധ്യമപ്രവർത്തകനുമായ ഷാജീ എസ്. രാമപുരത്തിന്റെ നേതൃത്വത്തിൽ പ്രോഗ്രാം കൺവീനറും, സെക്രട്ടറിയുമായ ലാജീ തോമസ്, പ്രസിഡന്റ് പ്രൊഫ.ജോയ് പല്ലാട്ടുമഠം, ട്രഷറാർ ജീ മുണ്ടക്കൽ അമേരിക്ക റീജിയണലിന്റെ മറ്റ് ചുമതലക്കാർ എന്നിവരാണ് ഈ പ്രോഗ്രാമിന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിക്കുന്നത്.
ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടകീഴിൽ അണിനിരത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ ഓരോ രാജ്യത്തിലുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും അവർ അഭിമുഘീകരിക്കുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങൾക് എങ്ങനെ പരിഹാരം കാണാം തുടങ്ങിയ വിഷയങ്ങൾക്കു ഊന്നൽ നൽകിയും പ്രത്യേകിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന കൊടുത്തുകൊണ്ട് അമേരിക്ക ആസ്ഥാനമായി 2013 ൽ ആരംഭിച്ച ഗ്ലോബൽ സംഘടനയാണ് പ്രവാസി മലയാളീ ഫെഡറേഷൻ (പി.എം.എഫ്).
പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയൺ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് മാത്രം സമാഹരിച്ച സഹായധനം കോട്ടയം മെഡിക്കൽ കോളേജിലും പരിസര പ്രദേശങ്ങളിലും ഉള്ള നിരാലംബരായവർക്ക് ഭക്ഷണം നൽകുന്ന നവജീവൻ സെന്ററിന് നൽകികൊണ്ടാണ് ഈ വർഷത്തെ റീജിയൺ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
അടുത്ത ശനിയാഴ്ച നടത്തപ്പെടുന്ന സ്പന്ദനരാഗം എന്ന ഈ പ്രോഗ്രാമിൽ ഓൺലൈൻ പ്ലാറ്റ്ഫോം ആയ സൂമിലൂടെയും, യൂട്യൂബിലൂടെയും ഏവരും പങ്കെടുത്ത് ഈ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.
