കൊച്ചി: വിദേശത്തു നിന്നു വരുന്നവർക്ക് കോവിഡ് ഫ്രീ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേരള സർക്കാർ നടപടിക്കെതിരെ പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ ഹർജി നൽകി. ഇത്തരത്തിൽ ഒരു നിബന്ധന ഇല്ലാതെയാണ് പ്രവാസികൾ ഇതുവരെ നാട്ടിലേക്ക് വന്നിരുന്നത്. എന്നാൽ ജൂൺ മാസം ഇരുപതാം തീയതി മുതൽ നാട്ടിലേക്ക് വരണമെങ്കിൽ കോവിഡ് പരിശോധന നടത്തി കോവിഡ് ബാധിതരല്ല എന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ വരാൻ സാധിക്കുകയുള്ളൂ എന്ന് കാണിച്ചുകൊണ്ട് ജൂൺ 11 ന് കേരള സർക്കാർ പുറത്തിറക്കിയ കത്തും തുടർന്നുള്ള മന്ത്രിസഭയുടെ തീരുമാനവുമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം.
കോവിഡ് ഫ്രീ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ നാട്ടിലേക്ക് വരാൻ സാധിക്കൂ എന്നുള്ളത് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനങ്ങൾ ആണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു നിബന്ധനയില്ല. കൂടാതെ സമാനമായ ഒരു കേസിൽ ഒറീസ സർക്കാർ എടുത്ത സമാനമായ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്ത കാര്യവും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.ഈ സാഹചര്യത്തിൽ കേരള സർക്കാരിൻറെ ഏകപക്ഷീയമായ നടപടി റദ്ദ് ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
പല രാജ്യങ്ങളിലും ഇത്തരത്തിൽ ഒരു ടെസ്റ്റിനായി കനത്ത തുകയാണ് ഈടാക്കുന്നത്. മാസങ്ങളായി ജോലിയും കൂലിയും നഷ്ടപ്പെട്ട പ്രവാസികൾക്ക് ഇത്രയും തുക ചെലവഴിക്കാനും സാധിക്കുന്നില്ല. മാത്രമല്ല പല രാജ്യങ്ങളിലും രോഗലക്ഷണം ഇല്ലെങ്കിൽ ഇത്തരത്തിലൊരു പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകുന്നുമില്ല. ആയതിനാൽ ഇപ്പോൾ തന്നെ കടുത്ത മാനസികവും ശാരീരികവും സാമ്പത്തികവുമായ ഭാരിച്ച പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന പ്രവാസികളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ നാട്ടിലെത്തിക്കാനുള്ള നിർദേശം നൽകണമെന്നും ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വക്കേറ്റ് ജോസ് എബ്രഹാം നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.