ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവചനത്തിൽ തെറ്റുപറ്റിപ്പോയെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണം ഇനി പ്രവചിക്കില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് വ്യക്തമാക്കി. ‘‘എന്റെ വിലയിരുത്തൽ ഞാൻ നിങ്ങളുടെ മുന്നിൽ പറഞ്ഞിരുന്നു. എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ അത് തെറ്റായിരുന്നെന്ന് സമ്മതിക്കുന്നു. ബിജെപി 300 സീറ്റിലെത്തുമെന്ന് പറഞ്ഞെങ്കിലും 240 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ നരേന്ദ്ര മോദിയോട് ജനങ്ങൾക്ക് നേരിയ അതൃപ്തിയുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു.
ഒരു തന്ത്രജ്ഞൻ എന്ന നിലയിൽ ഇനി സീറ്റുകളുടെ എണ്ണം പ്രവചിക്കാൻ പാടില്ലെന്ന് മനസ്സിലാക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മാത്രമാണ് സീറ്റുകളുടെ എണ്ണം പറഞ്ഞുള്ള പ്രവചനം നടത്തിയത്’’– അദ്ദേഹം പറഞ്ഞു. സംഖ്യകൾ മാറ്റിവച്ചാൽ താൻ പറഞ്ഞതെല്ലാം ശരിയായെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് കിഷോർ വ്യക്തമാക്കി.