കൊച്ചി: രാധേ ശ്യാം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ നടൻ പ്രഭാസ് ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചുകൊണ്ട് സംസാരിച്ചു. എല്ലായിടത്തും സ്ത്രീകൾ പിന്തുണയ്ക്കപ്പെടേണ്ടവരാണെന്നും സിനിമ മേഖലയിൽ മാത്രമുണ്ടായാൽ പോരെന്നും ഭാവിയിൽ സ്ത്രീ സമൂഹം ശക്തരായി മാറുമെന്നും പ്രഭാസ് പറഞ്ഞു. നാളെ ഈ ലോകം ഭരിക്കുന്നതും ഒരുപക്ഷെ അവരാകുമെന്നും പ്രഭാസ് കൂട്ടിച്ചേർത്തു.
രാധ കൃഷ്ണ കുമാറാണ് രാധേ ശ്യാം എന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. തികച്ചും പ്രണയാതുരമായ ചിത്രമാണെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. മാർച്ച് പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. ജസ്റ്റിൻ പ്രഭാകർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ സലാർ എന്ന ചിത്രമാണ് പ്രഭാസ് നായകനാകുന്ന മറ്റൊരു ചിത്രം. ശ്രുതി ഹാസനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
