ഹൈദരാബാദ്: ട്രാഫിക് നിയമ ലംഘനം നടത്തിയതിന് തെന്നിന്ത്യൻ താരം പ്രഭാസിൽ നിന്ന് പിഴ ഈടാക്കി. ഹൈദരാബാദ് ട്രാഫിക് പൊലീസ് ആണ് പ്രഭാസിന് നിന്നും പിഴ ഈടാക്കിയത്. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചു, നമ്പർ പ്ലേറ്റിലെ അപാകതകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് പൊലീസ് പിഴ ഈടാക്കിയത്. സംഭവസമയം പ്രഭാസ് കാറിൽ ഉണ്ടായിരുന്നില്ല എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജൂബിലി ഹിൽസിന് സമീപത്താണ് സംഭവം. ട്രാഫിക് നിയമങ്ങൾ തെറ്റിച്ച ഒരു കാർ പാർക്ക് ചെയ്തിരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും പിഴ ഈടാക്കുകയും ചെയ്യുകയായിരുന്നു. 1600 രൂപയാണ് പൊലീസ് ഈടാക്കിയത്. നേരത്തെ നടൻ നാഗ ചൈതന്യയ്ക്കും സമാനമായ രീതിയിൽ പിഴയടക്കേണ്ടി വന്നിരുന്നു.
തെറ്റായ നമ്പർ പ്ലേറ്റുകൾക്കും ബ്ലാക്ക് ഫിലിമുകൾക്കുമെതിരെ ഹൈദരാബാദ് ട്രാഫിക് പോലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തുകയും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1,000 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സുപ്രീം കോടതി വിധിയുടെ ലംഘനമായതിനാൽ ബ്ലാക്ക് ഫിലിം നീക്കം ചെയ്യാൻ വാഹന ഉടമകളോട് പോലീസ് ആവശ്യപ്പെട്ടിരുന്നു.
