രാമായണ കഥയെ ആസ്പദമാക്കിയുള്ള പ്രഭാസിൻ്റെ 3 ഡി ചിത്രം ‘ആദിപുരുഷ്’ തിയേറ്ററുകളിലെത്താൻ ഇനി 150 ദിവസം മാത്രം. ജൂൺ 16 നു ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ അറിയിച്ചു.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനു സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും 3 ഡി പതിപ്പിനു മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ പറഞ്ഞു. ടീസറിന്റെ 3ഡി പതിപ്പിനു ലഭിച്ച സ്വീകാര്യത തങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതായും അവർ കൂട്ടിച്ചേർത്തു.
കൃതി സനോനാണ് ചിത്രത്തിലെ നായിക. ആദിപുരുഷിൽ ശ്രീരാമന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ് ചിത്രത്തിൽ രാവണന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് താരം സണ്ണി സിംഗും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.