അമേരിക്കയിലെത്തിയിട്ടു ചില വർഷങ്ങൾ പിന്നിട്ടതേയുള്ളൂ. ഇതിനിടയിൽ വളരെ സമ്പന്നനായ, സമൂഹത്തിൽ മാന്യതയും ,അംഗീകാരവും ഉയർന്ന തസ്തികയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയെ പരിചയപെടുവാനിടയായി. ദീര്ഘനാളുകളിലെ അടുത്ത ഇടപെടലുകൾക്കുശേഷം ഒരുദിവസം അദ്ദേഹം ചോദിച്ചു. സരസമായിട്ടോ അതോ ഗൗരവമായിട്ടോ എന്നു വ്യക്തമല്ല ,ഞാൻ അമേരിക്കയിൽ എത്തി വളരെ ബുദ്ധിമുട്ടിയും ,ത്യാഗങ്ങൾ സഹിച്ചും ധാരാളം സമ്പത്ത് നേടിയിരിക്കുന്നു. ഇപ്പോൾ ഞാൻ വിശ്രമജീവിതം നയിക്കുകയാണ്. ഭാര്യയും ധാരാളം സമ്പാദിച്ചിട്ടുണ്ട് . മക്കൾ ആരും കൂടെയില്ല. അവർ അവരുടേതായ , അവർക്കു ശരിയാണെന്നു തോന്നുന്ന രീതിയിൽ ജീവിതം നയിക്കുന്നു .ഞങ്ങൾ രണ്ടുപേരാണ് ഇപ്പോൾ ഈ വലിയ വീട്ടിൽ കഴിയുന്നത്
ഞാൻ ഒരു ചോദ്യം ചോദിച്ചാൽ പരിഭവിക്കുകയോ എന്റെ അഹംകാരമാണെന്നോ ചിന്തിക്കരുത്. “ഞാനുണ്ടാക്കിയ സമ്പാദ്യത്തിന്റെ ചെറിയൊരു ശതമാനമെങ്കിലും നിനക്കുണ്ടായിരുന്നാൽ നന്നായിരുന്നുവെന്നു ഒരിക്കലെങ്കിലും നീ ആഗ്രഹിചിട്ടുണ്ടോ”? ചോദ്യം അസംബന്ധമാണോ , അനവസരത്തിലുള്ളതാണോ? ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് ഒരു നിമിഷം സംശയിച്ചു. മറുപടി പെട്ടന്നായിരുന്നു . “ഇല്ല ഒരിക്കലുമില്ല ,എന്നാൽ ഒരൊറ്റ പ്രാവശ്യം നിങ്ങളുടെ സമ്പാദ്യമെല്ലാം ഒന്ന് കണ്ടാൽ കൊള്ളാമെന്ന താല്പര്യമുണ്ടു”അങ്ങനെ ഒരവസരം അനുവദിച്ചാൽ ഞാൻ പൂർണ്ണസംതൃപ്തനാകുമെന്നൊരു സൂചനയും നൽകി.
സമ്പന്നനായ വ്യക്തി തനിക്കുള്ളതെല്ലാം ഒരുദിവസം കാണിക്കാമെന്നു സമ്മതികുകയും ചെയ്തു . ദിവസങ്ങൾ, ആഴ്ചകൾ ഓരോന്നായി പിന്നിട്ടു .ഒരുദിവസം ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ വീട്ടിനോടനുബന്ധിച്ചുതന്നെ ആരാലും ശ്രദ്ധിക്കപെടാത്ത,പ്രത്യേകമായി നിർമിച്ച ഒരു മുറിയിലേക്കു എന്നെ കൂട്ടിക്കൊണ്ടുപോയി.അവിടെ കണ്ടത് എന്റെ കണ്ണുകൾക്കുപോലും അവിശ്വസനീയ കാഴ്ചകൾ ആയിരുന്നു . ബാഗുകളിൽ കെട്ടി ഒതുക്കി വച്ചിരുന്ന ഡോളർ നോട്ടുകൾ ,ഡെപ്പോസിറ്റ് സര്ടിഫിക്കറ്റുകൾ ,സ്വർണ- വെള്ളി നാണയങ്ങൾ എന്നിവയെല്ലാം എന്നെ കാണിച്ചു. ഒരായിരം ചോദ്യങ്ങളാണ് നിമിഷങ്ങൾക്കുള്ളിൽ എന്റെ സ്മൃതിപഥത്തിലേക്കു ഓടിയെത്തിയത് .മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ മനസ്സിൽ ഉയർന്നു വന്ന ഒരു സംശയം അദ്ദേഹവുമായി പങ്കിട്ടു. ഇത്രയും വലിയ നിധി ശേഖരം എന്നെ കാണിച്ചുതന്നതിൽ ഞാൻ കൃതാർത്ഥനാണ് ..ഇതിൽ ഞാൻ താങ്കളെ കുറിച്ച് അഭിമാനം കൊള്ളൂന്നു.
ഞാനിപ്പോൾ താങ്കളെപ്പോലെ തന്നെ പൂർണ സംതൃപ്തനാണ്..ജീവിത കാലം മുഴുവൻ കഠിനാദ്ധ്വാനം ചെയ്ത താങ്കളെ സംബന്ധിച്ചു അത് നോക്കി കാണുന്നതിന് മാത്രമേ നിവൃത്തിയുള്ളൂ. അത് താങ്കൾക്ക് ഉപയോഗിക്കുന്നവുന്നതിൽ വളരെ വളരെ കൂടുതലുണ്ട്.എന്നാൽ അതെല്ലാം കൂട്ടിവെച്ച് നോക്കികാണാം എന്നല്ലാതെ താങ്കൾക്കും മറ്റൊന്നും ചെയ്യാൻ ഇനിയും സാധ്യമല്ലല്ലോ എന്നൊരു ദുഃഖം മാത്രമാണെനിക്കുള്ളത്. അപ്രതീക്ഷിത പ്രതികരണത്തിന് മുൻപിൽ അദ്ദേഹം ഒരു നിമിഷം പകച്ചുപോയോ എന്ന സംശയം മാത്രം .
ആയിരകണക്കിന് ഡോളർ കൂടിയ പലിശ നിരക്കിൽ വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുള്ള ഈ മാന്യ വ്യക്തി പലിശയില്ലാതെ മുതലെടുത്ത് ഉപയോഗിക്കാൻ മടിക്കുന്നു അതുകൊണ്ട് പല സൗകര്യങ്ങളും സ്വയമേ വേണ്ടെന്ന് വെച്ചിരിക്കുന്നു. തൻറെ ജീവിതച്ചെലവ് പലിശത്തുകക്കുള്ളിൽ നിർത്തുന്നതിനാണു അദ്ദേഹം ശ്ര മിക്കുന്നത് . അദ്ദേഹത്തിന് കുടുംബാംഗങ്ങളായി ധാരാളം പേർ ഉണ്ട് , എന്നാൽ ഒരു പെനി പോലും അവരെ സ ഹായിക്കുന്നതിനോ,, തിരിച്ചുനല്കാം എന്ന് ഉറപ്പു നൽകി കടം ആവശ്യപ്പെട്ടാൽ പോലും നൽകുന്ന പതിവില്ല . കാലശേഷം സമ്പത്ത് ആർക്കു നൽകുമെന്നും , ഇത്ര വ്യഗ്രതയോടെ സമ്പത്ത് കാത്തുസൂക്ഷിക്കുന്നതെന്തിനെന്നും പല സന്ദർഭങ്ങളിലും തന്ത്രപൂർവം .ചോദിച്ചിട്ടുണ്ട്..മറുപടി ചിരിയിൽ ഒതുക്കുകയാണ് പതിവ് .ഇഹലോക ജീവിതത്തിനു അവസാനമില്ലെന്നായിരിക്കാം മെന്നായിരിക്കാം അദ്ദേഹത്തിന്റെ മിഥ്യ ധാരണ. .മരിച്ചു കഴിയുമ്പോൾ ബന്ധുവും ചാർച്ചയും പറഞ്ഞ അനേകർ അവകാശികളായി കടന്നുവരാം..ജീവിച്ചിരുന്നപ്പോൾ പലിശ കൊണ്ട് മാത്രം കഴിയാൻ ബദ്ധപ്പെടുകയും ഈ ലോകം വിട്ടു പോയാൽ പിന്നെ അയാൾക്ക് മുതലിലോ പലിശയിലോ യാതൊരു അവകാശവുമില്ലെന്നു മനസിലാക്കുന്നതിനുപോലും വിവേകമില്ലാത്ത, മൂഢനായ സമ്പന്നൻ!.
നാമേധേയ ക്രിസ്താനിയായിട്ടുപോലും നാളത്തേക്കുള്ളത് കരുതിവെച്ച സമ്പന്നനായ മനുഷ്യനു നേരെ വിരൽ ചൂണ്ടി ക്രിസ്തുനാഥൻ പറഞ്ഞ വാക്കുകളെങ്കിലും ഓർത്തിരുന്നുവെങ്കിൽ “മൂഡാ ഇന്നു രാത്രിയിൽ നിന്റെ ജീവനെ ഞാൻ തിരിച്ചു ചോദിച്ചെങ്കിൽ …..?
ഒരിക്കൽ പന്നി പശുവിനോട് പരാതി പറഞ്ഞ കഥ വായിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് മനുഷ്യൻ പശുവിനെ പറ്റി മാത്രം കവിതയെഴുതുന്നത് .എന്തുകൊണ്ടാണ് പശുവിൻറെ സൗമ്യത മാത്രം പ്രകീർത്തിക്കുകയും എന്തികൊണ്ടാണ് പന്നിയെ പറ്റി ഒരൊറ്റ നല്ല വാക്കുപോലും പറയാതിരിക്കുന്നത്.
നീ പാലും വെണ്ണയും കൊടുക്കുന്നു എന്ന് എനിക്കറിയാം.എന്നാൽ എൻറെമാംസം,ബേക്കൺ,പോർക്ക് എന്നിങ്ങനെ പല രൂപത്തിൽ ഉപയോഗിക്കുന്നു എൻറെ രോമം കൊണ്ട് ബ്രഷുകൾ നിർമിക്കുന്നു.
പശു മറുപടി പറഞ്ഞു ഞാൻ ജീവിച്ചിരിക്കുമ്പോൾ എല്ലാ ദിവസവും എന്തെങ്കിലും നൽകുന്നു എന്നാൽ നീ ഒരിക്കൽ മാത്രമേ നൽകുന്നുള്ളൂ അത് മരിച്ചതിനു ശേഷം മാത്രം. ഒരുപക്ഷേ ഞാൻ പറയുന്നത് നിങ്ങൾക്ക് രുചിച്ചില്ലെന്നു വരാം .പക്ഷേ കാര്യം ശരി തന്നെ.ജീവിതത്തിനു ഉദ്ദേശ്യവും ലക്ഷ്യവും ഇല്ലാതിരിക്കുന്നതു പ ണമില്ലാതിരിക്കുന്നതിനേക്കാൾ എത്രയോ കഷ്ടം.