
കൊല്ലം: ആത്മവിശ്വാസത്തിന്റെ നിശബ്ദ ഭാഷയുമായി പോസ്റ്റ് വുമൺ താരമാകുന്നു. കൊട്ടാരക്കര കൊച്ചു ചാമക്കാല വീട്ടിൽ ബാബു വർഗീസിന്റെയും അലക്സിയുടെയും മകൾ മെറിനാണ് കത്തുകളുമായി വീടുകളിലെത്തി ആംഗ്യഭാഷയിൽ കാര്യം പറഞ്ഞ് ചെറുപുഞ്ചിരിയോടെ മടങ്ങുന്നത്. ജന്മനാ ബധിരയും മൂകയുമായ മെറിൻ കഴിഞ്ഞ നവംബറിലാണ് മാരാരിക്കുളം പൊള്ളേത്തൈ പോസ്റ്റ് ഓഫിസിൽ പോസ്റ്റ് വുമണായി ജോലിയിൽ പ്രവേശിച്ചത്.
തപാൽ വിതരണം പോലെ ആളുകളുമായി ആശയവിനിമയം നടത്തേണ്ട ഒരു ജോലിയിൽ മെറിൻ എങ്ങനെ ശോഭിക്കുമെന്ന് പൊതുവെ ആശങ്കയുണ്ടായിരുന്നു. എന്നാൽ വളരെ പെട്ടെന്നു തന്നെ നാടും നാട്ടുകാരും മെറിന്റെ ഭാഷ പഠിച്ചു. തിരുവനന്തപുരം ഗവ.പോളിടെക്നിക്കിൽ നിന്നും കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം അവിടെ ലാബ് അസിസ്റ്റന്റായി മൂന്ന് വർഷം ജോലി ചെയ്തു. കോളജ് ജോലി ഉപേക്ഷിച്ച ശേഷം ഒരു വർഷം ഒരു സ്വകാര്യ ടെലികോം കമ്പനിയിലും മെറിൻ ജോലി ചെയ്തിരുന്നു. അതിനിടെയാണ് പോസ്റ്റ് വുമൺ ഒഴിവിലേക്ക് അപേക്ഷിച്ചത്.

ആലപ്പുഴ ജില്ലയിൽ ജോലിയിൽ പ്രവേശിച്ച് ആദ്യത്തെ ഒരു മാസം ബന്ധുക്കൾ മെറിനു കൂട്ടുപോകുമായിരുന്നു. നാട്ടുകാർക്കെല്ലാം സുപരിചിതയും പ്രീയങ്കരിയുമായതോടെ ഇപ്പോൾ ഒറ്റയ്ക്കാണ് തപാൽവിതരണം. സംസാരിക്കാനോ കേൾക്കാനോ സാധിയ്ക്കാത്ത പരവൂർ സ്വദേശി പ്രജിത്താണ് ജീവിത പങ്കാളി.
