ഹൂസ്റ്റന്‍: ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ 2.6 ദശലക്ഷം അനുയായികളുള്ള മോഡല്‍ മിസ് മെഴ്സെഡിസ് മോര് എന്ന പേരില്‍ അറിയപ്പെടുന്ന ജെയ്നി ഗേയ്ഗറെ (33) മരിച്ച നിലയില്‍ കണ്ടെത്തി. ഹൂസ്റ്റന്‍ കോര്‍ട്ട്ലാന്റ് അപ്പാര്‍ട്ട്മെന്റിലാണ് കണ്ടെത്തിയത്. സമീപത്തു മുപ്പതു വയസ്സു തോന്നിക്കുന്ന ഒരു പുരുഷന്റേയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മേഴ്സിഡിസിനെ കൊലപ്പെടുത്തിയശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. കെവിന് അലക്സാണ്ടറാണ് (34) കൊല്ലപ്പെട്ട യുവാവെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ചയാളും മേഴ്സിഡിസും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് റിച്ച്മോണ്ട് പൊലീസ് അറിയിച്ചു.
ഫോര്‍ട്ട്ബെന്റി കൗണ്ടിയിലാണ് സംഭവം നടന്നത്. രണ്ടു മൃതദേഹങ്ങളും ഫോര്‍ട്ട്ബെന്റ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ തിരിച്ചറിയലിനായി അയച്ചതായും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മേഴ്സിഡിസിനെ കഴുത്തുഞെരിച്ചു കൊന്നതാണെന്ന് സ്ഥിരീകരിച്ചു. മേഴ്സിഡിസിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. 1987 നവംബറില്‍ 26ന് ടെക്സസിലെ എല്‍പാസോയിലാണ് മോറിന്റെ ജനനം. വിഡിയോ സ്റ്റാര്‍, മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ചുരുങ്ങിയ സമയം കൊണ്ടു പ്രശസ്തിയിലേക്കുയര്‍ന്നിരുന്നു. സംഭവത്തെ കുറിച്ചുള്ള അന്വേഷണം റിച്ച്മോണ്ട് പൊലീസ് ഊര്‍ജ്ജിതപ്പെടുത്തി.