
വത്തിക്കാൻ സിറ്റി: ബഹ്റൈൻ ഡയലോഗ് ഫോറത്തിൻ്റെ സ്മരണിക മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് സെക്രട്ടറി ജനറൽ മുഹമ്മദ് അബ്ദുൽസലാം, ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു.
‘മനുഷ്യ സഹവർത്തിത്വത്തിനായി കിഴക്കും പടിഞ്ഞാറും’ എന്ന പ്രമേയത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ 2022 നവംബറിലാണ് ഫോറം നടന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശന വേളയിൽ നടന്ന ഫോറത്തിൽ അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാമും മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് ചെയർമാനുമായ ഡോ. അഹമ്മദ് അൽ തയീബും 79 രാജ്യങ്ങളിൽനിന്നുള്ള 30ലധികം പ്രഭാഷകരും മതപ്രതിനിധികളും സംബന്ധിച്ചിരുന്നു.
ഫ്രാൻസിസ് മാർപാപ്പ ഹമദ് രാജാവിന് അഭിവാദനങ്ങൾ അറിയിക്കുകയും സഹിഷ്ണുത, സഹവർത്തിത്വം, മതാന്തര സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബഹ്റൈൻ്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.
അടുത്ത വർഷം ആദ്യം ബഹ്റൈനിൽ നടക്കാനിരിക്കുന്ന ഇസ്ലാമിക്- ഇസ്ലാമിക് ഡയലോഗ് കോൺഫറൻസിനായി അൽ അസ്ഹർ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സും മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സും ഒരുങ്ങുകയാണ്. ഇസ്ലാമിക ഐക്യം ശക്തിപ്പെടുത്താനും അനുരഞ്ജനം പ്രോത്സാഹിപ്പിക്കാനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
2022ലെ ബഹ്റൈൻ ഡയലോഗ് ഫോറത്തിൻ്റെ സമാപന സമ്മേളനത്തിലാണ് കോൺഫറൻസിൻ്റെ ആശയം ഉടലെടുത്തത്. ഡോ. അഹമ്മദ് അൽ തയേബ് എല്ലാ വിഭാഗങ്ങളിലെയും ചിന്താധാരകളിലെയും മുസ്ലിം പണ്ഡിതന്മാരോട് അർത്ഥവത്തായ സംവാദത്തിലേർപ്പെടാൻ ആഹ്വാനം ചെയ്തിരുന്നു. മുൻകാല അഭിപ്രായവ്യത്യാസങ്ങൾ മറികടക്കാനും വിഭജനം നിരസിക്കാനും ഐക്യത്തിനും ധാരണയ്ക്കും വേണ്ടി പ്രവർത്തിക്കാനും അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു.
രാജാവ് ഹമദ് ഈ നിർദ്ദേശം സ്വീകരിക്കുകയും സംഭാഷണ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
