കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ ബോക്സോഫീസിൽ കുതിക്കുന്നു. ചിത്രം റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴേക്കും ആഗോളതലത്തിൽ 200 കോടി നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാണക്കമ്പനിയായ ലെെക്ക പ്രൊഡക്ഷൻസാണ് ഇക്കാര്യം അറിയിച്ചത്.റിലീസ് ചെയ്ത ദിനത്തിൽ ഇന്ത്യയിൽനിന്ന് മാത്രം 32-35 കോടിയാണ് ചിത്രം നേടിയത്. ഈ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളുടെ ആദ്യദിന വരുമാനം കണക്കാക്കുമ്പോൾ വിജയ് നായകനായ ‘വാരിസി’ന്റെ റെക്കോഡാണ് പി.എസ്. 2 തകർത്തത്. വിദേശരാജ്യങ്ങളിലും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അമേരിക്ക, മലേഷ്യ, സിംഗപ്പൂർ, യു.എ.ഇ. എന്നിവിടങ്ങളിൽ ഒട്ടേറെ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
‘പൊന്നിയിൻ സെൽവൻ’ ആദ്യഭാഗം 2022 സെപ്തംബർ 22-നാണ് റിലീസ് ചെയ്തത്. ആദ്യദിനത്തിൽ ലോകവ്യാപകമായി ചിത്രം 80 കോടിയോളം വരുമാനം നേടിയിരുന്നു. ആകെ 500 കോടിയാണ് ബോക്സ്ഓഫീസിൽനിന്ന് നേടിയത്. ‘പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം’ ഈ റെക്കോഡ് കടത്തിവെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ‘പൊന്നിയിൻ സെൽവനി’ൽ ആവിഷ്കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്.
സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വർമനുമാണ് നിർവഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 500 കോടി മുതൽമുടക്കിലാണ് രണ്ടുഭാഗങ്ങളും പൂർത്തിയക്കിയത്. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് നിർമാണം.