ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറും തമ്മിൽ വാക്പോര് മുറുകുന്നു. പ്രശാന്ത് കിഷോർ ഇപ്പോൾ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ നിതീഷ് കുമാർ ജെഡിയുവിനെ കോൺഗ്രസിൽ ലയിപ്പിക്കണമെന്ന് നേരത്തെ പ്രശാന്ത് കിഷോർ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും പറഞ്ഞു. നിതീഷ് കുമാറിന് മതിഭ്രമമാണെന്ന് പ്രശാന്ത് കിഷോർ തിരിച്ചടിച്ചു. നിതീഷ് കുമാർ രാഷ്ട്രീയമായി ഒറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹത്തിന് ചുറ്റും വിശ്വസിക്കാൻ കഴിയാത്തവരാണ് ഉള്ളതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
താൻ ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. അതേസമയം ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഞാൻ ജെഡിയുവിനെ കോൺഗ്രസിൽ ലയിപ്പിക്കണമെന്ന് പറഞ്ഞുവെന്നും അദ്ദേഹം ആരോപിക്കുന്നു. “ആദ്യ ആരോപണം ശരിയാണെങ്കിൽ, രണ്ടാമത്തെ ആരോപണം തെറ്റാകും, അതുകൊണ്ടാണ് നിതീഷ് കുമാറിന് മതിഭ്രമമാണെന്ന് ഞാൻ പറയുന്നത്,” പ്രശാന്ത് കിഷോർ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിക്കാൻ പ്രശാന്ത് കിഷോർ ജനങ്ങളെ സ്വാധീനിച്ചുവെന്ന് നിതീഷ് ആരോപിച്ചു. കുറച്ച് കാലം മുമ്പ് ജെഡിയുവിനെ കോൺഗ്രസിൽ ലയിപ്പിക്കാൻ അദ്ദേഹം ഉപദേശിച്ചിരുന്നു. അതേസമയം തന്നെ വീട്ടിലേക്ക് വിളിച്ച് ജെഡിയുവിൽ ചേരാൻ നിതീഷ് കുമാര്‍ ക്ഷണിച്ചുവെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ മറുപടി.