തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നൽകി രാഷ്ട്രീയ കേരളം. കോട്ടയം കാനത്തെ കൊച്ചുകളപുരയിടം വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ചിതയ്ക്ക് അദ്ദേഹത്തിന്റെ മകൻ സന്ദീപ് തീ കൊളുത്തി. ഭൗതികശരീരത്തില്‍ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ നിരവധി പേര് ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കാനത്തിന് കേരളം വിട നല്കി. വിലാപയാത്രയിൽ ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. കാനത്തെ വീട്ടിലും അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ദേശീയ അധ്യക്ഷൻ ഡി. രാജ അടക്കമുള്ളവർ കാനത്തെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
പുലര്‍ച്ചെ ഒരുമണിയോടെയാണ് കാനം രാജേന്ദ്രന്റെ ഭൗതികശരീരം വിലാപയാത്രയായി കോട്ടയത്തെത്തിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ഹൃദയാഘാതം മൂലം കാനം മരണപ്പെടുന്നത്. അരനൂറ്റാണ്ടിലേറെക്കാലമായി ഇടതുപക്ഷത്തിനൊപ്പം കരുത്തോടെ പ്രവര്‍ത്തിച്ച നേതാവിനെയാണ് കേരളത്തിന് നഷ്ടമായത്.