തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയിലും കണ്ണൂര്‍ വി.സി നിയമനത്തില്‍ ഗവര്‍ണറെ സ്വാധീനിക്കാന്‍ ശ്രമിച്ച വിഷയത്തിലും യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് അഞ്ച് റൗണ്ടാണ് ജലപീരങ്കി പ്രയോഗിച്ചത്. ഇതില്‍ യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ ചൂണ്ടിക്കല്‍ ഹരി ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
കഴിഞ്ഞദിവസം എബിവിപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയും പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവമോര്‍ച്ച പ്രതിഷേധക്കാരെയും കായികമായി പോലീസ് നേരിട്ടത്. നിബന്ധനകള്‍ കാറ്റില്‍പ്പറത്തിയുള്ള പോലീസിന്റെ ജല പീരങ്കി പ്രയോഗത്തില്‍ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ ബലമായി അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചു. ഇത് പ്രവര്‍ത്തകര്‍ ചെറുത്തതോടെ സെക്രട്ടറിയേറ്റ് പരിസരം സംഘര്‍ഷഭരിതമായി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും യുവമോര്‍ച്ച നേതാക്കളും ഇടപെട്ടാണ് സംഘര്‍ഷത്തിന് അയവുണ്ടാക്കിയത്. പ്രവര്‍ത്തകര്‍ പിന്നീട് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു.ആർ.ബിന്ദു മന്ത്രിയായി തുടരുന്നത് ജനാധിപത്യ കേരളത്തിനപമാനം.
സത്യപ്രതിജ്ഞാലംഘനം നടത്തിയ ബിന്ദുവിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന് പറഞ്ഞു. മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എബിവിപിയുടെ സമരത്തെയും തൃശൂരില്‍ നടന്ന യുവമോര്‍ച്ച മാര്‍ച്ചിനേയും പോലീസ് നിഷ്ഠൂരമായിട്ടാണ് തല്ലി ചതച്ചത്. എല്ലാവരുടെയും നികുതിപണം കൊണ്ടാണ് ശമ്പളം നല്‍കുന്നതെന്ന് പോലീസ് ഓര്‍ക്കണം. കാക്കിക്കുളളില്‍ കമ്മ്യൂണിസ്റ്റ് രക്തമാണ് തിളയ്ക്കുന്നതെങ്കില്‍ അത് വീട്ടില്‍ വച്ചിട്ടുവരണം. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ ഉത്തരവ് അനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ പോയാല്‍ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കേരളത്തിലെ തെരുവുകളിലൂടെ യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകുമെന്നും പ്രഫുല്‍ കൃഷ്ണന് പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്. സജിത്ത് അദ്ധ്യക്ഷത വഹിച്ചു.
യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനില്‍ ദിനേശ്, ബി. എല്‍. അജേഷ്, ആശാനാഥ്, മനു പ്രസാദ്, വീണ, ജമുന് ജഹാഗീര്‍, കുളങ്ങരകോണം കിരണ്‍, വലിയവിള ആനന്ദ്, രാമേശ്വരം ഹരി, മാണിനാട് സജി, കവിത സുഭാഷ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.