കൊച്ചി: വിവാഹ വാഗ്ദ്ധാനം നൽകി യുവാവ് പീഡിപ്പിച്ചെന്ന പരാതിയുമായി കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്ന യുവതി. പനമ്പിളളി സ്വദേശിയായ യുവതിയുടെ പരാതിയിൽ തൃശൂർ സ്വദേശിയായ ഷെഫീഖിനെതിരെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.യുവതിയെ ഷെഫീഖ് വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. പീഡനം നടന്നത് തൃപ്പൂണിത്തുറയിലായതിനാൽ കേസ് ഹിൽപാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. മേയ് മൂന്നിനാണ് പ്രസവിച്ചയുടനെ യുവതി കുഞ്ഞിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിൽ അറസ്റ്റിലായ യുവതി ഇപ്പോൾ റിമാൻഡിലാണ്.
പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലുളള കുഞ്ഞിന്റെ മൃതദേഹം ശുചീകരണ തൊഴിലാളികളാണ് ആദ്യം കണ്ടത്.കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ആമസോണിൽ ഉൽപ്പന്നങ്ങൾ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ പൊലീസ് എത്തിയത്. അപ്പോഴാണ് യുവതിയുടെ മാതാപിതാക്കൾ സംഭവമറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് യുവതി മൊഴി നൽകി. കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴേക്ക് ഇടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.അമ്മയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവിൽ അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്. ആരോഗ്യനില വീണ്ടെടുത്തതോടെ യുവതി ഷെഫീഖിനെതിരെ പരാതി നൽകിയതോടെയാണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.