ഇഫാൽ: മണിപ്പൂരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞ് പൊലീസ്. കലാപം ഏറ്റവും രൂക്ഷമായ ചുരാചന്ദ്പൂർ ജില്ലയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. തുടർന്ന് അദ്ദേഹം ഇംഫാലിലേക്ക് മടങ്ങി. ഹെലികോപ്ടറിൽ ചുരാചന്ദ്പൂരിലേക്ക് പോകാൻ അനുമതി നൽകിയതായി റിപ്പോർട്ടുണ്ട്.
രാഹുലിനെയും സംഘത്തെയും പൊലീസ് തടഞ്ഞതിൽ പ്രതിഷേധിച്ച് പ്രദേശത്ത് ജനങ്ങൾ തടിച്ചുകൂടി. ഇതോടെ പൊലീസ് അകാശത്തേക്ക് വെടിവയ്ക്കുകയും, കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സംഭവത്തിൽ കോൺഗ്രസും വിമർശനം രേഖപ്പെടുത്തി. രാഹുലിനെ തടഞ്ഞത് ഭരണഘടനാപരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു. മണിപ്പൂരിന് ഏറ്റുമുട്ടലല്ല സമാധാനമാണ് വേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മണിപ്പൂരിൽ മൗനം വെടിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.